ദുബൈ: പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുന്ന രക്ഷിതാക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ശനിയാഴ്‍ച സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് മുന്നറിയിപ്പ് നല്‍കി. രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്ത ബോധത്തോടെ പെരുമാണമെന്ന് പൊലീസ് നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു.

ചൂട് കാലത്തും മറ്റും കാറുകള്‍ക്കുള്ളില്‍ രക്ഷിതാക്കള്‍ തനിച്ചാക്കി പോയ നിരവധി കുട്ടികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് ദാരുണമായി മരണപ്പെട്ടിരുന്നു. കുട്ടികളെ ശ്രദ്ധിക്കാതെ അവരെ വാഹനങ്ങള്‍ക്കുള്ളില്‍ ഇരുത്തുന്നത് രക്ഷിതാക്കളുടെ വീഴ്‍ചയായി കണക്കാക്കും ഇത് നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കഴിഞ്ഞ നവംബറില്‍ അബുദാബിയില്‍ ഇത്തരത്തില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയതിന് പിന്നാലെ കാറിന് തീപിടിച്ച് രണ്ട് കുട്ടികള്‍ വെന്തുമരിച്ചിരുന്നു. 2007ന് ശേഷം പതിനാലോളം കുട്ടികളുടെ ദാരുണ മരണമാണ് ഇങ്ങനെയുണ്ടായത്. അവഗണന, ചൂഷണം, പീഡനം എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള ശക്തമായ നിയമമാണ് യുഎഇയിലുള്ളത്. കുട്ടികളെ അപകടത്തിലാക്കല്‍, അവരെ ഉപേക്ഷിക്കല്‍, അവഗണിക്കല്‍, ശ്രദ്ധിക്കാതിരിക്കല്‍ തുടങ്ങിയവയ്ക്കൊക്കെ ജയില്‍ ശിക്ഷയും പിഴയും ലഭിക്കും. 18 വയസുവരെയുള്ള കുട്ടികളുടെ കാര്യത്തില്‍ ഈ നിയമങ്ങള്‍ ബാധകമാണ്.