ജനുവരി 27ന് ഓണ്‍ലൈനായി എടുത്ത 144387 നമ്പര്‍ ബിഗ് ടിക്കറ്റിലൂടെ ലീന ജലാലിനെ വ്യാഴാഴ്‍ച രാത്രി യുഎഇയിലെ ഏറ്റവും പുതിയ കോടീശ്വരിയെന്ന ഭാഗ്യം തേടിയെത്തുകയായിരുന്നു. 

അബുദാബി: വ്യാഴാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് ടെറിഫിക് 22 മില്യന്‍ സീരിസ് 236 നറുക്കെടുപ്പില്‍ മലയാളി യുവതി വിജയിയായി. അബുദാബിയില്‍ താമസിക്കുന്ന ലീന ജലാലാണ് 44 കോടി രൂപയുടെ (2.2 കോടി ദിര്‍ഹം) ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലെ അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചത്.

കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ മലയാളി, ഹരിദാസനാണ് ഇത്തവണ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ജനുവരി 27ന് ഓണ്‍ലൈനായി എടുത്ത 144387 നമ്പര്‍ ബിഗ് ടിക്കറ്റിലൂടെ ലീന ജലാലിനെ വ്യാഴാഴ്‍ച രാത്രി യുഎഇയിലെ ഏറ്റവും പുതിയ കോടീശ്വരിയെന്ന ഭാഗ്യം തേടിയെത്തുകയായിരുന്നു. ഇതാദ്യമായാണ് ലീന ബിഗ് ടിക്കറ്റെടുക്കുന്നത്. 14 സുഹൃത്തുക്കളൊപ്പം ചേര്‍ന്ന് എടുത്ത ടിക്കറ്റായതിനാല്‍ സമ്മാനത്തുകയും സുഹൃത്തുക്കള്‍ക്കിടയില്‍ തുല്യമായി വീതിക്കും. 

നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ ബിഗ് ടിക്കറ്റ് അവതാരകന്‍ ലീനയെ ടെലിഫോണില്‍ വിളിച്ച് വിവരമറിയിച്ചു. സമ്മാന വിവരം അറിഞ്ഞപ്പോഴുള്ള ആ ഞെട്ടലില്‍ നിന്ന് ഇതുവരെയും താന്‍ മുക്തയായില്ലെന്ന് ലീന പറഞ്ഞു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല. തന്റെ ഭാഗ്യ നമ്പര്‍ ഏഴായിരുന്നുവെന്നും അതുകൊണ്ടുതന്നെ ടിക്കറ്റില്‍ ആ സംഖ്യ ഉള്‍പ്പെടുത്തിയാണ് എടുത്തതെന്നും ലീന പറഞ്ഞു. 

റാസല്‍ഖൈമയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ സുറൈഫ് സുറുവിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം ലഭിച്ചത്. ജനുവരി 29നാണ് സമ്മാനാര്‍ഹമായ 327631 നമ്പര്‍ ടിക്കറ്റ് അദ്ദേഹം ഓണ്‍ലൈനിലൂടെ എടുത്തത്. ഇന്ത്യക്കാരനായ സില്‍ജോണ്‍ യോഹന്നാനാണ് മൂന്നാം സമ്മാനം. 356890 നമ്പര്‍ ടിക്കറ്റിലൂടെ അഞ്ച് ലക്ഷം ദിര്‍ഹം അദ്ദേഹത്തിന് ലഭിച്ചു.

ഇന്ത്യക്കാരായ അന്‍സാര്‍ സുക്കരിയ മന്‍സില്‍ നാലാം സമ്മാനമായ രണ്ടര ലക്ഷം ദിര്‍ഹം (ടിക്കറ്റ് നമ്പര്‍ - 127937) നേടിയപ്പോള്‍ മറ്റൊരു ഇന്ത്യക്കാരി ദിവ്യ എബ്രഹാം 284459 നമ്പര്‍ ടിക്കറ്റിലൂടെ ഒരു ലക്ഷം ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനത്തിന് അര്‍ഹയായി. ഡ്രീം കാര്‍ സീരിസില്‍ ബംഗ്ലാദേശ് സ്വദേശിയായ നാസിറുദ്ദീനാണ് റേഞ്ച് റോവര്‍ കാര്‍ നേടിയത്. 013887 ആയിരിന്നു സമ്മാനാര്‍ഹമായ ടിക്കറ്റ്.

അതേസമയം ഫെബ്രുവരിയില്‍ ബിഗ് ടിക്കറ്റെടുക്കുന്നവരില്‍ നിന്ന് ഒന്നാം സമ്മാനാര്‍ഹനാവുന്ന ഭാഗ്യവാന് 24 കോടി രൂപ (1.2 കോടി ദിര്‍ഹം) സമ്മാനിക്കുന്ന അടുത്ത നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബിഗ് ടിക്കറ്റ് പുറത്തുവിട്ടിരുന്നു. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടി രൂപ) ഇതിലെ രണ്ടാം സമ്മാനം. മറ്റ് അഞ്ച് സമ്മാനങ്ങളും മാര്‍ച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നു. ഒരു വിജയിക്ക് ഡ്രീം കാര്‍ സീരിസിലൂടെ മസെറാട്ടി ഗിബ്ലി ആഡംബര കാറും സ്വന്തമാക്കാനാവും.

മെഗാ നറുക്കെടുപ്പിലെ സമ്മാനങ്ങള്‍ക്ക് പുറമെ ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് എടുക്കുന്ന എല്ലാവര്‍ക്കും ഓരോ ആഴ്‍ചയും 5,00,000 ദിര്‍ഹം (ഒരു കോടി രൂപ) വീതം സ്വന്തമാക്കാന്‍ അവസരമൊരുക്കുന്ന പ്രതിവാര നറുക്കെടുപ്പുകളുമുണ്ടാകും. ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാ ഉപഭോക്താക്കളും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ സ്വമേധയാ പങ്കാളികളാവും. അവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ഓരോ ആഴ്‍ചയും 5,00,000 ദിര്‍ഹം വീതം ലഭിക്കുക.

ആഴ്‍ചതോറും 5,00,000 ദിര്‍ഹം സമ്മാനം നല്‍കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍

  • പ്രൊമോഷന്‍ 1 : ഫെബ്രുവരി ഒന്ന് മുതല്‍ ഏഴ് വരെ. നറുക്കെടുപ്പ് ഫെബ്രുവരി 8 ചൊവ്വാഴ്‍ച
  • പ്രൊമോഷന്‍ 2: ഫെബ്രുവരി 8 മുതല്‍ 14 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 15 ചൊവ്വാഴ്‍ച 
  • പ്രൊമോഷന്‍ 3: ഫെബ്രുവരി 15 മുതല്‍ 21 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 22 ചൊവ്വാഴ്‍ച
  • പ്രൊമോഷന്‍ 4: ഫെബ്രുവരി 22 മുതല്‍ 28 വരെ. നറുക്കെടുപ്പ് മാര്‍ച്ച് 1 ചൊവ്വാഴ്‍ച.

പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമായിരിക്കും ഉള്‍ക്കൊള്ളിക്കുക. എല്ലാ ആഴ്‍ചയിലേയും നറുക്കെടുപ്പുകളില്‍ ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടില്ല.