അനശ്വര പ്രണയത്തിന് അൽഉലയിലെ പൈതൃകങ്ങൾ സാക്ഷി: സൗദി പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു നാടകം
പ്രശസ്ത ലബനീസ് അന്താരാഷ്ട്ര ഡാൻസ് തിയേറ്റർ ഗ്രൂപ്പായ കാരാകല്ല അവതരിപ്പിച്ച ‘ജാമിൽ ബൗതയ്ന’ എന്ന നൃത്തനാടകം അൽഉലയിലെ ത്വൻതൂറ ഉത്സവം കാണാനെത്തിയവരെ വിസ്മയഭരിതരാക്കി. ജനുവരി 31ന് ആരംഭിച്ച സൗദിയിലെ ഏറ്റവും ദൈർഘ്യമേറിയ ത്വൻതൂറ ശീതകാല ഉത്സവത്തിന്റെ ഭാഗമായാണ് നാടകാവതരണത്തിന് വ്യാഴാഴ്ച അരങ്ങുണർന്നത്.
റിയാദ്: അനശ്വര പ്രണയത്തിന് അൽഉലയിലെ പൈതൃകങ്ങളെ സാക്ഷിയാക്കി നാടകാവിഷ്കാരം. ലോകപൈതൃക പട്ടികയിൽ ഇടം നേടിയ സൗദിയിലെ ഏറ്റവും വലിയ പൗരാണിക കേന്ദ്രമായ അൽഉലയിൽ കഴിഞ്ഞ മൂന്നുദിവസം അരങ്ങേറിയ ഐതിഹാസിക പ്രണയ നാടകാവിഷ്കാരത്തിന് രംഗപടമായത് പുരാതന ശേഷിപ്പുകളാണ്. സംരക്ഷിത പൗരാണിക നഗരമായ അൽഉലയിലെ ചരിത്രസ്മാരകങ്ങൾ രംഗപടങ്ങളായി മാറിയ നൃത്ത സംഗീത നാടകം ഒരു കവിയുടെ ഇതിഹാസ തുല്യമായ പ്രണയകഥയുടെ ചുരുൾ നിവർത്തുന്നതായിരുന്നു.
പ്രശസ്ത ലബനീസ് അന്താരാഷ്ട്ര ഡാൻസ് തിയേറ്റർ ഗ്രൂപ്പായ കാരാകല്ല അവതരിപ്പിച്ച ‘ജാമിൽ ബൗതയ്ന’ എന്ന നൃത്തനാടകം അൽഉലയിലെ ത്വൻതൂറ ഉത്സവം കാണാനെത്തിയവരെ വിസ്മയഭരിതരാക്കി. ജനുവരി 31ന് ആരംഭിച്ച സൗദിയിലെ ഏറ്റവും ദൈർഘ്യമേറിയ ത്വൻതൂറ ശീതകാല ഉത്സവത്തിന്റെ ഭാഗമായാണ് നാടകാവതരണത്തിന് വ്യാഴാഴ്ച അരങ്ങുണർന്നത്. ശനിയാഴ്ച തിരശീല വീഴുകയും ചെയ്തു. അൽഉലയിലെ മാരായ കൺസർട്ട് ഹാളിലായിരുന്നു നാടകത്തിന്റെ അരങ്ങേറ്റം.
പിന്നീട് വേദി വിട്ടിറങ്ങുന്ന നാടകത്തിലെ രംഗങ്ങൾ അൽഉലയിലെ വിശാല മൈതാനിയിലേക്ക് പരക്കുകയാണ്. തദ്ദേശീയവും രാജ്യാന്തരവുമായ നാടകരൂപങ്ങളുടെ വൈവിധ്യങ്ങളെ ത്വൻതൂറ ശൈത്യകാല മേളയിലൂടെ സൗദിയിലെ പ്രേക്ഷകരെ കാണിക്കുക എന്ന ലക്ഷ്യമാണ് സംഘാടകരായ അൽഉല റോയൽ കമീഷൻ നിർവഹിക്കുന്നത്. പ്രാചീന അറേബ്യൻ കവി ജാമിൽ ബിൻ മഅമറിന്റെ പ്രണയകാവ്യമാണ് നാടകത്തിന്റെ ഇതിവൃത്തം.
ബൗതയ്ന ബിൻത് ഹയ്യാൻ എന്ന പെൻകുട്ടിയുമായി പ്രണയത്തിലാവുന്ന കവിയുടെ ഹൃദയദ്രവീകരണ ശക്തിയുള്ള അനുരാഗത്തിന്റെ കഥയാണിത്. അറേബ്യൻ മരുഭൂമിയിൽ പിറവികൊണ്ട പൗരാണിക പ്രണയഗാഥ. ഷേക്സ്പിയറിെൻറ വിഖ്യാത ദുരന്തനാടകം റോമിയോ ആൻഡ് ജൂല്യറ്റിന്റെ പൗരസ്ത്യ ഭാഷ്യമെന്ന് അറിയപ്പെടുന്നു ‘ജാമിൽ ബൗതയ്ന’. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും പ്രതിഭകളുമായ അഭിനേതാക്കളും നർത്തകരും ഗായകരും പിന്നണി പ്രവർത്തകരും കാരാകല്ല ഡാൻസ് തിയേറ്റർ ഗ്രൂപ് ആചാര്യന് അബ്ദുൽ ഹലീം കാരാകല്ലയുടെ നേതൃത്വത്തിൽ നാടകത്തിന് വേണ്ടി അണിനിരന്നു.
ഈ അനശ്വര പ്രണയകാവ്യത്തിന്റെ ഇതിവൃത്തം ജനിച്ചത് അൽഉലയിലാണെന്നും ഇവിടെ തന്നെ ഇതിന് രംഗഭാഷ്യമൊരുക്കാൻ കഴിഞ്ഞത് കലാകാരനെന്ന നിലയിൽ ലഭിച്ച സൗഭാഗ്യമാണെന്നും അതിന് അവസരമൊരുക്കിയ അൽഉല റോയൽ കമീഷനോട് കടപ്പെട്ടിരിക്കുന്നെന്നും സംവിധായകൻ അബ്ദുൽ ഹലീം കാരാകല്ല പറഞ്ഞു. കവിത, സംഗീതം, മനോഹരമായ രംഗപടങ്ങൾ, വീഡിയോ, വസ്ത്രാലങ്കാരം, നൃത്തം തുടങ്ങി എല്ലാ ഘടകങ്ങളും ഉൾച്ചേർന്ന സവിശേഷമായ ദൃശ്യവിസ്മയമായിരുന്നു നാടകാവതരണം.
മധ്യപൂർവേഷ്യയിലെ ഏറ്റവും പ്രമുഖ ഡാൻസ് തിയേറ്റർ ഗ്രൂപ്പായ കാരാകല്ല 52ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് സൗദിയിൽ ഈ ഐതിഹാസിക നാടകം അവതരിപ്പിക്കാൻ അരങ്ങൊരുങ്ങിയത്.ത്വൻതൂറ ശീതകാലോത്സവം മാർച്ച് ഏഴിനാണ് അവസാനിക്കുന്നത്.