റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള ലെവി വർധിപ്പിച്ചു. സ്വദേശികളെക്കാള്‍ കൂടുതൽ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശികൾക്ക് മാസം തോറും 400 റിയാലായിരുന്നു ലെവിയായി അടയ്‌ക്കേണ്ടിയിരുന്നത്. ഇത് ഇനി മുതല്‍ 600 റിയാലായി വർധിക്കും.

എന്നാൽ സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനമാണെങ്കില്‍ വിദേശികൾ 500 റിയാലാണ് ലെവിയായി നല്‍കേണ്ടത്. അഞ്ചില്‍ താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ചെറിയ സ്ഥാപനങ്ങള്‍ക്ക് ലെവി ബാധകമല്ല.

അതേസമയം വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി തുടരുന്നത് സംബന്ധിച്ച് പഠനം നടത്തി വരികയാണെന്ന് വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖുസൈബി അടുത്തിടെ അറിയിച്ചിരുന്നു.

ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഒരു മാസത്തിനകം ശൂറാ കൗണ്‍സിലിനു സമര്‍പ്പിക്കുമെന്ന് ഡോ. മാജിദ് സൂചിപ്പിച്ചിരുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിദേശികളുടെ ലെവി ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഫീസുകള്‍ തിരിച്ചു നല്‍കാന്‍ മന്ത്രി സഭാസമിതിയും ശുപാര്‍ശ ചെയ്തിരിന്നു.

20 തൊഴിലാളികളില്‍ താഴെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവിയുടെ എണ്‍പത് ശതമാനം വരെ തിരിച്ചു നല്‍കാനാണ് മന്ത്രി സഭാസമിതി ശുപാര്‍ശ ചെയ്തിരുന്നത്. ഈ ശുപാര്‍ശ അംഗീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.