കുടുംബത്തോടൊപ്പം മൃഗശാലയിലെത്തിയ പെണ്‍കുട്ടി അപകട മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാതെ സിംഹത്തിന്‍റെ കൂടിന് സമീപം  എത്തുകയായിരുന്നു.

സുഡാന്‍: ചെറിയ പെരുന്നാള്‍ അവധി ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം മൃഗശാലയിലെത്തിയ പെണ്‍കുട്ടിയെ സിംഹം ആക്രമിച്ച് കൊലപ്പെടുത്തി. സുഡാനിലെ ഖാര്‍ട്ടം നഗരത്തിന് തെക്ക് 400 കിലോമീറ്റര്‍ അകലെയുള്ള ഡിന്‍ഡര്‍ സിറ്റിയിലുള്ള മൃഗശാലയിലെത്തിയതായിരുന്നു സുഡാന്‍ സ്വദേശിയായ 10 വയസ്സുകാരി പെണ്‍കുട്ടി.

കുടുംബത്തോടൊപ്പം മൃഗശാലയിലെത്തിയ പെണ്‍കുട്ടി അപകട മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാതെ സിംഹത്തിന്‍റെ കൂടിന് സമീപം എത്തുകയായിരുന്നു. സന്ദര്‍ശകര്‍ കൂടിന് അരികിലേക്ക് പോകരുതെന്നും മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് ശ്രദ്ധിച്ചില്ല.

ആകാംഷ അടക്കാനാവാതെ പെണ്‍കുട്ടി, സിംഹത്തിന്‍റെ കൂട്ടിലേക്ക് എത്തിനോക്കുകയായിരുന്നു. ഉടന്‍ തന്നെ സിംഹം കുട്ടിയെ ആക്രമിച്ചു. ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റു. പെണ്‍കുട്ടിയുടെ സഹോദരിയും സമീപത്ത് ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റ് സന്ദര്‍ശകരും ചേര്‍ന്ന് സിംഹത്തിന്‍റെ പിടിയില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ നോക്കിയെങ്കിലും ശ്രമം വിജയിച്ചില്ല. നിരവധി ശ്രമങ്ങള്‍ക്ക് ശേഷം കുട്ടിയുടെ ഒരു ബന്ധു സിംഹത്തിന്‍റെ പിടിയില്‍ നിന്ന് കുട്ടിയെ വേര്‍പെടുത്തിയെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി മരിച്ചു.