വിമാനത്താവളത്തിലെത്തിയ ഇയാളെയും ലഗേജും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പതിവ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. 

കോയമ്പത്തൂര്‍: ദുബൈയിലേക്ക് പോകാനായി കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മലയാളി യാത്രക്കാരന്‍റെ ഷൂസിനടിയില്‍ വെടിയുണ്ട. എറണാകുളം സ്വദേശി ഷിബു മാത്യു (48) ആണ് പിടിയിലായത്.

സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് യാത്രക്കാരന്‍റെ ഷൂസിനടിയില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. യാത്രക്കാരനെ പീലമേട് പൊലീസ് സ്റ്റേഷന് കൈമാറി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ 10 വര്‍ഷമായി ദുബൈയിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇയാൾ. ഉച്ചകഴിഞ്ഞ് ഇന്‍ഡിഗോ വിമാനത്തില്‍ പോകാനായി വിമാനത്താവളത്തിലെത്തിയതാണ് ഇയാള്‍. 

ഷിബുവിന്‍റെ ലഗേജും ചെരുപ്പും സ്കാന്‍ ചെയ്യുന്നതിനിടെയാണ് വെടിയുണ്ട കണ്ടെത്തിയത്. 0.22 എംഎം ലൈവ് ബുള്ളറ്റാണ് ഷൂസിന്‍റെ അടിയില്‍ കുടുങ്ങിയ നിലയിൽ കണ്ടത്. യാത്രയ്ക്ക് മുമ്പുള്ള പതിവ് പരിശോധനയിലാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വെടിയുണ്ട കണ്ടെത്തിയത്. വെടിയുണ്ട ഷൂസില്‍ കുടുങ്ങിയത് എങ്ങനെയാണെന്ന് അറിയില്ലെന്ന് ഇയാള്‍ പറഞ്ഞെങ്കിലും പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു.