കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് മൂലം പ്രഖ്യാപിച്ച ലോക്ഡൗൺ പൂർണ്ണമായും നീങ്ങുന്നു. ചൊവ്വാഴ്ച മുതൽ രാത്രി കർഫ്യു മാത്രമാകും നിലവിലുണ്ടാവുക. അതേസമയം ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളിലേക്ക്കൂടി കുവൈത്ത് എയർവേയ്സ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ കുവൈത്ത് കൊമേഴ്യൽ വിമാനസർവ്വീസ് ആരംഭിക്കും.

ലോക്ഡൗൺ നിലവിലുണ്ടായിരുന്ന ഏക പ്രവിശ്യയായ ഫർവാനിയയും സ്വതന്ത്രമായതോടെ കുവൈത്ത് ഇനി ലോക്ഡൗൺ മുക്തം. മൂന്ന് മാസത്തിലേറെയായി തുടരുന്ന ലോക്ഡൗൺ പിൻവലിച്ചത് പ്രവാസി തൊഴിലാളികൾക്കും ആശ്വാസമായി. പ്രദേശം വിട്ട്​ പുറത്തുപോകാൻ കഴിയാത്തതിനാൽ ഏറെപ്പേരാണ് ജോലിയില്ലാതെ ദുരിതത്തിലായിരുന്നത്​. മറ്റു പ്രദേശങ്ങളിലെ കമ്പനികളിൽ ജോലിയെടുക്കുന്നവരാണ് പുറത്തുപോവാൻ കഴിയാതെ വലഞ്ഞത്. സർക്കാറും സന്നദ്ധ സംഘടനകളും നൽകിയിരുന്ന ഭക്ഷണക്കിറ്റുകളായിരുന്നു പലർക്കും തുണ. അതേസമയം, രാജ്യവ്യാപകമായി രാത്രികാല കർഫ്യൂ കുറച്ചുദിവസം കൂടി തുടരും. 

അതിനിടെ ഇന്ത്യയടക്കം ഏഴ്​ രാജ്യങ്ങളിലേക്ക്കൂടി കുവൈത്ത്​ എയർവേയ്സ് ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഖത്തർ, അസർബൈജാൻ, ബോസ്‍നിയ ആന്റ് ഹെർസഗോവിന, പാകിസ്ഥാൻ, സ്പെയിൻ, ജോർദാൻ എന്നിവിടങ്ങളിലേക്ക് കൂടിയാണ് ഇന്ത്യയെ കൂടാതെ ബുക്കിങ് ആരംഭിച്ചത്. ഇന്ത്യയിലേക്ക്​ രണ്ടാഴ്ച മുമ്പ്​ ബുക്കിങ്​ ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം തയാറാക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം  യാത്രക്കാർക്കായി കുവൈത്ത് വ്യോമയാന വകുപ്പ് പ്രത്യേക​ ആപ്ലിക്കേഷൻ പുറത്തിറക്കി.​ കുവൈത്തിൽനിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്​.