മസ്‍കത്ത്: മസ്‌കത്തിലെ ഹമറിയയിലും വാദികബീർ വ്യവസായ മേഖലകളിലും ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ  പിന്‍വലിച്ചു. ഒമാൻ സുപ്രിം കമ്മറ്റിയുടെ ഉത്തരവനുസരിച്ചാണ് നടപടി.  ഇവിടങ്ങളിൽ കൊവിഡ് രോഗ വ്യാപനം കൂടുതലായിരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ തുടർന്നിരുന്നത്.

റൂവി, ദാർസൈത്, സിദാബ് ഖൻതാബ്‌  എന്നിവിടങ്ങളില്‍ ജൂൺ ആറിന് ലോക്ക് ഡൗണ്‍ പിൻവലിച്ചിരുന്നെങ്കിലും ഹമറിയ, വാദി കബീർ വ്യവസായ മേഖല എന്നിവടങ്ങളിൽ നിയന്ത്രണങ്ങള്‍ തുടരുകയായിരുന്നു. ഇവിടങ്ങളില്‍ ഇന്നുമുതല്‍ നിയന്ത്രണങ്ങൾ ഉണ്ടാവില്ല. വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്നു  പ്രവർത്തിക്കുവാൻ അനുമതിയുണ്ടാകും. സുപ്രീം കമ്മിറ്റിയുടെ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികളോടെ വൈകുന്നേരം ആറു മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുകയുള്ളൂ. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കടകൾ തുറക്കാന്‍‍ പാടില്ല.