മസ്‌കറ്റ്: ഒമാനില്‍ നാളെ മുതല്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വരും. രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധനവ് കണക്കിലെടുത്താണ് ജൂലൈ 25 മുതല്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ തീരുമാനിച്ചത്. പതിനഞ്ചു ദിവസം അടച്ചിടുവാനാണ് ഒമാന്‍ സുപ്രിം കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത് .

ലോക്ക്ഡൗണ്‍ കാലയളവില്‍ വൈകുന്നേരം 7 മണി മുതല്‍ രാവിലെ 6 മണി വരെ യാത്രകള്‍ക്കും പൊതു സ്ഥലങ്ങളില്‍ ഒത്തു ചേരുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പകല്‍ സമയത്ത് പൊലീസ് പെട്രോളിംഗ് ശക്തമാക്കുമെന്നും സുപ്രിം കമ്മറ്റി വ്യക്തമാക്കി. അതേസമയം ലോക്ക് ഡൗണ്‍ കാലയളവില്‍ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് മണി വരെ ഒരു രീതിയിലുള്ള ഗതാഗതവും അനുവദിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സൈദ് അല്‍ ആസ്മി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാത്രി കാല്‍നടയാത്രയും അനുവദിക്കില്ല. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ നൂറ് റിയാലാണ് പിഴ ചുമത്തുക. കടകളും പൊതുസ്ഥലങ്ങളും രാത്രി ഏഴു മണി മുതല്‍ പ്രവര്‍ത്തിക്കരുത്. ജൂലൈ 25ന് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ ഓഗസ്റ്റ് എട്ടു വരെ തുടരും. 

ഒമാനിൽ കൊവിഡ് രോഗ മുക്തരുടെ എണ്ണത്തിൽ വർദ്ധനവ്