സലാലയിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒമാൻ പൊലീസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

മസ്‌കറ്റ്: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിയാർജിച്ചതിനാൽ ഒമാനിലെ ദോഫാർ അൽ വുസ്ത മേഖലയിൽ കനത്ത മഴ തുടരുന്നു. അടുത്ത 24 മണിക്കൂറിലും ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്നാണ് അറിയിപ്പ്. സലാലയിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒമാൻ പൊലീസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. 

തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു തീവ്രന്യൂനമർദമായി മാറിയതായി സിവിൽ ഏവിയേഷൻ സ്മതിയുടെ അറിയിപ്പിൽ പറയുന്നു.
സലാല തീരത്തുനിന്ന് 100 കിലോമീറ്റർ അകലെയാണ് തീവ്ര ന്യൂനമർദ്ദത്തിന്റെ സ്ഥാനം ഇതിന്റെ കേന്ദ്രഭാഗത്തെ കാറ്റിന് മണിക്കൂറിൽ 30 മുതൽ 45 കിലോമീറ്റർ വരെയാണ് വേഗത. അടുത്ത 24 മണിക്കൂറിനുള്ളിൽ ഒമാനിലെ "ദോഫാർ" അൽ വുസ്ത മേഖലയിലേക്ക് അടുക്കുന്ന ന്യൂനമർദ്ദം മൂലം ശക്തമായ കാറ്റോടു കൂടി കനത്ത മഴ ഞായറാഴ്ച വരെ തുടരുമെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷൻ സ്ഥിരീകരിച്ചു.

മഴ മൂലം ഉണ്ടാകുന്ന വെള്ളപ്പാച്ചിലുകളെ നേരിടുവാൻ എല്ലാ സന്നാഹങ്ങളും തയ്യാറാക്കി കഴിഞ്ഞുവെന്ന് ഒമാൻ സിവിൽ ഡിഫൻസ് അറിയിച്ചു. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. തിരമാലകൾ നാലു മുതൽ അഞ്ചു മീറ്റർ ഉയരുവാനും സാധ്യതയുണ്ട്. റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ ജനങ്ങൾ ജാഗ്രത പാലിക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

Read more: ന്യൂനമര്‍ദ്ദം; ഒമാനില്‍ ശക്തമായ കാറ്റും കനത്ത മഴയും തുടരുമെന്ന് മുന്നറിയിപ്പ്