കഴിഞ്ഞ ആഴ്ച്ച കേരള തീരത്ത് കൂടി കടന്നു പോയ ന്യൂനമര്‍ദ്ദം ലുബാന്‍ ചുഴലിക്കാറ്റായി ഒമാനിലേക്ക് 

മസ്ക്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍റെ തെക്കു ഭാഗത്തേക്ക് അടുക്കുന്നു. അടുത്ത 36 മണിക്കൂറിനുള്ളിൽ ദോഫാർ, അൽ വുസ്ത മേഖലകളില്‍ കനത്ത മഴയോട് കൂടി ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷൻ അറിയിച്ചു. ലുബാൻ ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാ സന്നാഹങ്ങളും സ്വീകരിച്ചതായി ഒമാൻ സിവിൽ ഡിഫൻസ് വ്യക്തമാക്കി

സലാലയിൽ നിന്നും 830 കിലോമീറ്റർ അകലെയെത്തിയിരിക്കുകയാണ് ലുബാന്‍ ചുഴലിക്കാറ്റ്. നാളെ വൈകുന്നേരത്തോടുകൂടി ദോഫാര്‍, അൽ വുസ്ത മേഖലകളിൽ കനത്ത കാറ്റും മഴയും ഉണ്ടാകുവാൻ സാധ്യത ഉള്ളതായാണ് ഒമാൻ കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 64 മുതല്‍ 74 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റെന്നും കടലില്‍ തിരമാല രണ്ടു മുതൽ മൂന്നു മീറ്റർ ഉയരാനും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ലുബാന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതിന്റെ പാശ്ചാത്തലത്തില്‍ ഒമാൻ സിവില്‍ ഡിഫന്‍സ് , സിവില്‍ ഏവിയേഷന്‍ വിഭാഗം എന്നിയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

യാതൊരു കാരണത്താലും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്ന് ഒമാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മലയാളികളടക്കമുള്ള വിദേശികളും സ്വദേശികളും തിങ്ങിപാര്‍ക്കുന്ന മേഖലയാണ് സലാല. കഴിഞ്ഞ മെയ് മാസത്തില്‍ മെകുനു കൊടുങ്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്നും സലാല കരകയറുമ്പോഴാണ് ഭീതി പരത്തി ലൂബാന്‍ എത്തുന്നത്.