അബുദാബി: ഈ വര്‍ഷത്തെ വേള്‍ഡ് എച്ച്.ആര്‍ കോണ്‍ഗ്രസില്‍ രണ്ട് പുരസ്‍കാരങ്ങള്‍ സ്വന്തമാക്കി ലുലു ഗ്രൂപ്പ്. മികച്ച തൊഴില്‍ ദാതാവിനും ഏറ്റവും മികച്ച മാനവ വിഭവ ശേഷി നേതൃത്വത്തിനുമുള്ള പുരസ്‍കാരങ്ങളാണ് ലുലു ഗ്രൂപ്പ് എച്ച്.ആര്‍ ഡയറക്ടര്‍ അബ്‍ദു റസാഖിന് ലഭിച്ചത്. സ്ഥാപനത്തിലെ മാനവ വിഭവശേഷി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളും വിശേഷിച്ച് കൊവിഡ് മഹാമാരിക്കാലത്തെ അവരുടെ ഇടപെടലുകളും പരിഗണിച്ചാണ് പുരസ്‍കാരങ്ങള്‍ നല്‍കിയത്.

ഏറ്റവുമധികം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമായിട്ടും പിരിഞ്ഞുപോകുന്ന ജീവനക്കാരുടെ എണ്ണം ഏറ്റവും കുറവായ  ലുലു ഗ്രൂപ്പ്, ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അവരെ സ്ഥാപവുമായി ചേര്‍ത്തുനിര്‍ത്തുന്നതിനും മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്‍ചവെയ്ക്കുന്നത്. 43 രാജ്യങ്ങളില്‍ നിന്നുള്ള 55,000 ജീവനക്കാരാണ് ലുലുവില്‍ ജോലി ചെയ്യുന്നത്.

ജീവനക്കാര്‍ക്കായി പ്രത്യേക കൊവിഡ് ക്വാറന്റീന്‍ സംവിധാനങ്ങളൊരുക്കുന്നതു മുതല്‍ ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും താമസിക്കുന്നതിനായി എല്ലാ സൌകര്യങ്ങളുമുള്ള ഹൌസിങ് കോംപ്ലക്സ് നിര്‍മിച്ചതുവരെ കൊവിഡ് കാലത്തും നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ലുലു ഗ്രൂപ്പില്‍ നിന്നുണ്ടായി. 27 വര്‍ഷമായി ലുലു ഗ്രൂപ്പിനൊപ്പമുള്ള അ‍ബ്‍ദു റസാഖിന് കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ വെച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. എയര്‍ബസ് ഗ്രൂപ്പ് ഇന്ത്യ, ടെലികോം മലേഷ്യ ബെര്‍ഹദ് തുടങ്ങിയ സ്ഥാപനങ്ങളാണ് ലുലു ഗ്രൂപ്പിനൊപ്പം വിവിധ പുരസ്‍കാരങ്ങള്‍ സ്വന്തമാക്കിയത്.

22 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല നാട്ടുകാരായ ജീവനക്കാര്‍ ജോലി ചെയ്യുന്ന ലുലു ഗ്രൂപ്പ് പോലുള്ള സ്ഥാപനത്തിന്റെ എച്ച്.ആര്‍ തലവനാകാന്‍ സാധിച്ചത് വലിയ അംഗീകാരവും നേട്ടവുമാണെന്ന് അബ്‍ദു റസാഖ് പറഞ്ഞു. മാനവ വിഭവ ശേഷിയെയാണ് തങ്ങള്‍ ഏറ്റവും വലിയ സ്വത്തായി കാണുന്നതെന്നും ഈ പുരസ്‍കാരങ്ങള്‍ അതിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
"

55,800 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള ലുലു ഗ്രൂപ്പ് കീഴില്‍ ലോകമെമ്പാടും ഷോപ്പിങ് മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോസ്‍പിറ്റാലിറ്റി സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. ഇവയിലൂടെ പ്രതിദിനം 16 ലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് സേവിക്കുന്നത്. ചില്ലറ വിപണനത്തിന് പുറമെ ഭക്ഷ്യ സംസ്‍കരണം, ഹോസ്‍പിറ്റാലിറ്റി (ഇന്ത്യയിലെ ഗ്രാന്റ് ഹയാത്ത്, മാരിയറ്റ്, ഒമാന്‍, ലണ്ടന്‍, സ്‍കോട്ട്‍ലന്റ്‍യാര്‍ഡ് എന്നിവിടങ്ങളിലെ ഷെറാട്ടന്‍), ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങിയ രംഗങ്ങളിലും സാന്നിദ്ധ്യമുണ്ട്.