ദുബായ്: കൊവിഡിന്റെ പശ്ചാതലത്തില്‍ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമേകാൻ  ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തും പ്രഖ്യാപിച്ച ഒരുകോടി ഭക്ഷണപ്പൊതി പദ്ധതിയില്‍ കൈകോർത്ത്  ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ. ചെയർമാൻ എം.എ. യൂസുഫലി 10 ലക്ഷം ദിർഹം ഭക്ഷണ വിതരണ-ജീവകാരുണ്യ യജ്ഞത്തിനായി സംഭാവന ചെയ്തു. ഒന്നേകാൽ ലക്ഷം പേർക്കുള്ള ഭക്ഷണം ഒരുക്കാൻ ഈ തുക വിനിയോഗിക്കും. കുറഞ്ഞ വരുമാനക്കാരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും റമദാൻ മാസത്തിൽ ഭക്ഷണമെത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കേണ്ട ഈ റമദാന്‍ കാലത്ത് എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു യുഎഇയുടെ പദ്ധതി. ഒരു കോടി ഭക്ഷണപ്പൊതികളാണ് പദ്ധതിയുടെ ഭാഗമായി റമദാന്‍ കാലത്ത് വിതരണം ചെയ്യുന്നത്. പാകം ചെയ്ത ഭക്ഷണമോ അല്ലെങ്കില്‍ ഭക്ഷണം തയ്യാറാക്കാനുള്ള അവശ്യ വസ്തുക്കളോ ആവശ്യക്കാര്‍ക്ക് നല്‍കാനാണ് തീരുമാനം. 

യുഎഇ ഫുഡ് ബാങ്ക് ട്രസ്റ്റ് ബോര്‍ഡ് അധ്യക്ഷ കൂടിയായ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂമിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.രാജ്യത്തെ ഒരാള്‍ പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ശൈഖ് മുഹമ്മദ് ഉറപ്പ് നല്‍കി. ഭക്ഷണമൊരുക്കുന്നത് മാനുഷികവും സാമൂഹികവുമായ മുന്‍ഗണനയാകണമെന്നും ഒരാള്‍ പോലും ചികിത്സയും ഭക്ഷണവും ലഭിക്കാത്ത അവസ്ഥയിലെത്തില്ലെന്നും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു.