ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ദീപക് പവിത്രം എന്ന പ്രൊഫൈലിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. തുടര്‍ന്ന് നിരവധിപ്പേര്‍ ലുലും ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ എം.എ യൂസുഫലിയുടെയും ഫേസ്ബുക്ക് പേജുകള്‍ വഴി പ്രതിഷേധം അറിയിച്ചിരുന്നു.

റിയാദ്: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ മോശം പരാമര്‍ശം നടത്തിയതിന് ലുലു ഗ്രൂപ്പ് ജീവനക്കാരനെ പിരിച്ചുവിട്ടു. റിയാദിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ദീപകിനെയാണ് പിരിച്ചുവിട്ടത്. ഗള്‍ഫ് രാജ്യങ്ങളിലെ നിയമ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി നന്ദകുമാര്‍ അറിയിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ദീപക് പവിത്രം എന്ന പ്രൊഫൈലിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. തുടര്‍ന്ന് നിരവധിപ്പേര്‍ ലുലും ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ എം.എ യൂസുഫലിയുടെയും ഫേസ്ബുക്ക് പേജുകള്‍ വഴി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ പിരിച്ചുവിട്ടതായി ലുലു ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ മോശം പരാമര്‍ശം നടത്തിയ മറ്റൊരു മലയാളിയെയും ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്ന് മതങ്ങളെ അപമാനിക്കുന്ന തരത്തിലോ വ്യക്തിഹത്യ നടത്തുന്നതോ ആയ പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് ലുലു ഗ്രൂപ്പ് എല്ലാ ജീവനക്കാര്‍ക്കും നല്‍കിയിരുന്നു.