അബുദാബി: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് അബുദാബിയില്‍ വിശ്രമിക്കുന്ന പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തിലുള്ള 25 ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘമാണ് അബുദാബി ബുര്‍ജില്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. 

ഈ മാസം 13നായിരുന്നു ശസ്ത്രക്രിയ. യൂസഫലി സുഖം പ്രാപിച്ച് വരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ അറിയിച്ചു. യൂസഫലിയുടെ മരുമകനും അബുദാബി ബുര്‍ജില്‍ ആശുപത്രി ഉടമയുമായ ഡോ. ഷംസീര്‍ വയലിലാണ് തുടര്‍ ചികിത്സ ഏകോപിപ്പിക്കുന്നത്. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍, യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉള്‍പ്പെടയുള്ള ഗള്‍ഫ് ഭരണാധികാരികള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിവിധ മത, ആത്മീയ ആചാര്യന്മാര്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ യൂസഫലിയെ നേരിട്ട് വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചു. സുഖവിവരങ്ങള്‍ അന്വേഷിച്ചവര്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും യൂസഫലിയും കുടുംബവും നന്ദി അറിയിക്കുന്നതായി വി നന്ദകുമാര്‍ പറഞ്ഞു. 

കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപമാണ് യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. പനങ്ങാട് ഫിഷറീസ് യൂണിവേഴ്‌സിറ്റി ക്യാമ്പസിനോട് ചേര്‍ന്നുള്ള ചതുപ്പിലേക്ക് ഹെലികോപ്ടര്‍ അടിയന്തരമായി ഇടിച്ചിറക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അബുദാബി രാജകുടുംബം അയച്ച ഇത്തിഹാദിന്റെ പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് മടങ്ങിയത്.