ദില്ലി: കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരനെ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി അഭിനന്ദിച്ചു. രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേദിയിൽ വച്ചാണ് ആശംസകൾ കൈമാറിയത്. മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യൂസഫലിയും പങ്കെടുത്തിരുന്നു. നേരത്തെ എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയപ്പോള്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് എംഎ യൂസഫലി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷം ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും നല്ല കാലഘട്ടമായിരുന്നു. വിവിധ അറബ് രാജ്യങ്ങളിലെ രാഷ്ട്രനേതാക്കള്‍ നരേന്ദ്രമോദിയെ ആദരവോടെ കാണുകയും അദ്ദേഹവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവരാണ്. വരും വര്‍ഷങ്ങളില്‍ ഈ ബന്ധം കൂടുതല്‍ ശക്തമാവും. കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിഛായ വലിയതോതില്‍ ഉയര്‍ന്നു. വരും തലമുറയ്ക്ക് ഇനിയുള്ള വര്‍ഷങ്ങളില്‍ ഏറെ ആഹ്ലാദിക്കാനുണ്ടാവുമെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.