Asianet News MalayalamAsianet News Malayalam

എം എ യൂസഫലി അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാന്‍

ഡയറക്ടര്‍ ബോര്‍ഡിലുള്ള ഏക ഇന്ത്യക്കാരനാണ് യൂസഫലി. അബുദാബിയിലെ വാണിജ്യ, വ്യവസായ മേഖലയില്‍ നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിച്ചത്.

MA Yusuff Ali appointed as vice chairman of Abu Dhabi Chamber of Commerce and Industry
Author
Abu Dhabi - United Arab Emirates, First Published Jul 25, 2021, 9:40 PM IST

അബുദാബി: അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടേഴ്‌സ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി. വൈസ് ചെയര്‍മാനായി ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലിയെ നിയമിച്ചു. ഡയറക്ടര്‍ ബോര്‍ഡിലുള്ള ഏക ഇന്ത്യക്കാരനാണ് യൂസഫലി.

മസ്‌റൂയി ഇന്റര്‍നാഷണലിന്റെ അബ്ദുല്ല മുഹമ്മദ് അല്‍ മസ്‌റൂയിയാണ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍. അബുദാബിയിലെ വാണിജ്യ, വ്യവസായ മേഖലയില്‍ നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിച്ചത്. മസൂദ് റഹ്മ അല്‍ മസൂദിനെ ട്രഷററായും സയ്യിദ് ഗുംറാന്‍ അല്‍ റിമൈത്തിയെ ഡെപ്യൂട്ടി ട്രഷററായും നിയമിച്ചു. 

അബുദാബി ചേംബര്‍ ഡയറക്ടേഴ്‌സ് ബോര്‍ഡിലേക്കുള്ള നിയമനത്തില്‍ അഭിമാനമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. ഈ രാജ്യത്തിന്റെ ദീര്‍ഘദര്‍ശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുന്നു. അര്‍പ്പിതമായ ഉത്തരവാദിത്തം നിറവേറ്റാന്‍ പ്രയത്‌നിക്കുമെന്നും യുഎഇയുടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി ഇനിയും പ്രവര്‍ത്തിക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. 

അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബുദാബി ചേംബര്‍. അബുദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായിട്ടുള്ള അബുദാബി ചേംബര്‍, ഗവണ്‍മെന്റിനും വാണിജ്യ സമൂഹത്തിനും ഇടയിലെ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ്. അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും ചേംബറിന്റെ അനുമതി ആവശ്യമാണ്. വാണിജ്യ, വ്യവസായ മേഖലയിലും ജീവകാരുണ്യ രംഗത്തും നല്‍കുന്ന മികച്ച പിന്തുണയ്ക്കുള്ള ആദരവായി യുഎഇയുടെ ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് യൂസഫലിക്ക് ലഭിച്ചിരുന്നു.

(ഫയല്‍ ചിത്രം: യുഎഇയുടെ ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യൂസഫലിക്ക് സമ്മാനിക്കുന്നു)
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios