ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനാനുകൂല അജണ്ടയ്ക്ക് ലഭിച്ച അംഗീകാരമാണ് ഇത്രവലിയ വിജയമെന്ന് പ്രവാസി വ്യവസായി എം.എ യൂസഫലി. പ്രധാനമന്ത്രിയെ അഭിനന്ദിച്ച അദ്ദേഹം, താഴേത്തട്ട് മുതല്‍ വിവിധ രംഗങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ ശരിയായ ദിശയിലായിരുന്നുവെന്നും അതാണ് ഇത്രയും വലിയ വിജയത്തിലേക്ക് എത്തിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷം ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും നല്ല കാലഘട്ടമായിരുന്നു. വിവിധ അറബ് രാജ്യങ്ങളിലെ രാഷ്ട്രനേതാക്കള്‍ നരേന്ദ്രമോദിയെ ആദരവോടെ കാണുകയും അദ്ദേഹവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവരാണ്. വരും വര്‍ഷങ്ങളില്‍ ഈ ബന്ധം കൂടുതല്‍ ശക്തമാവും. കഴിഞ്ഞ അഞ്ച് വര്‍ഷം ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിഛായ വലിയതോതില്‍ ഉയര്‍ന്നു. വരും തലമുറയ്ക്ക് ഇനിയുള്ള വര്‍ഷങ്ങളില്‍ ഏറെ ആഹ്ലാദിക്കാനുണ്ടാവുമെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.