2020 ആകുമ്പോഴേക്കും ലുലു ഗ്രൂപ്പിന്റെ സൗദിയിലെ ആകെ നിക്ഷേപം 200 കോടി റിയാലായി മാറും. റീട്ടെയില്‍ മേഖലയില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാനാണ് പദ്ധതി. രാജ്യത്ത് ഇപ്പോഴുള്ള 14 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പുറമേ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 15 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കും. 

റിയാദ്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. സൗദിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനിടെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വരും വര്‍ഷങ്ങളില്‍ സൗദിയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ലുലു ഗ്രൂപ്പിന് പദ്ധതികളുണ്ടെന്ന് അദ്ദേഹം കിരീടാവകാശിയെ അറിയിച്ചു.

2020 ആകുമ്പോഴേക്കും ലുലു ഗ്രൂപ്പിന്റെ സൗദിയിലെ ആകെ നിക്ഷേപം 200 കോടി റിയാലായി മാറും. റീട്ടെയില്‍ മേഖലയില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാനാണ് പദ്ധതി. രാജ്യത്ത് ഇപ്പോഴുള്ള 14 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പുറമേ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 15 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കും. ഇതിനായി 100 കോടി റിയാലിന്റെ നിക്ഷേപം നടത്തും. കിങ് അബ്‍ദുല്ല ഇക്കണോമിക് സിറ്റിയില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള ലോജിസ്റ്റിക്സ് സെന്റര്‍ സ്ഥാപിക്കാനുള്ള ലുലു ഗ്രൂപ്പിന്റെ തീരുമാനവും എം.എ യൂസഫലി സൗദി കിരീടാവകാശിയെ അറിയിച്ചു. 200 ദശലക്ഷം റിയാലാണ് ഇതിനായി നിക്ഷേപിക്കുന്നത്.

സൗദി ഭരണകൂടത്തിന്റെ സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്ന ലുലു ഗ്രൂപ്പിലെ 40 ശതമാനം ജീവനക്കാരും സൗദി പൗരന്മാരാണെന്ന് യൂസഫലി അറിയിച്ചു. സ്വദേശികളുടെ എണ്ണം വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.