എമിറേറ്റ്‌സ് റെഡ് ക്രസന്റിന് സംഭാവന കൈമാറി.

ദുബൈ: ഇതുവരെ 30 മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, വന്‍തുകയുടെ സമ്മാനങ്ങളിലൂടെ മാത്രമല്ല സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും മേഖലയില്‍ പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണ്. 

സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിന്റെ ഭാഗമായി, എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി (ഇആര്‍സി) മഹ്‌സൂസ് വീണ്ടും പങ്കാളിയാവുകയാണ്. ഇത്തവണ പാകിസ്ഥാനിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടിയാണിത്. പാകിസ്ഥാനില്‍ നാശം വിതച്ച പ്രളയം ഈ വര്‍ഷം 3.3 കോടി ആളുകളെയാണ് ബാധിച്ചത്. ഇവരില്‍ 1.6 കോടി കുട്ടികളാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയമാണ് രാജ്യത്തുണ്ടായത്. ഗ്രാമങ്ങളെ പ്രളയം തകര്‍ത്തു. നിരവധി കുടുംബങ്ങള്‍ക്കും ആളുകള്‍ക്കും അടിയന്തര ജീവന്‍രക്ഷാ സഹായം തേടേണ്ട അവസ്ഥയുണ്ടായി.

എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ പാകിസ്ഥാന്‍ പ്രളയദുരിതാശ്വാസ സംരംഭത്തെ പിന്തുണച്ച മഹ്‌സൂസ്, 500,000 മിനറല്‍ വാട്ടറും ഇതിന് പുറമെ 25,000 ദിര്‍ഹം പണവും സംഭാവനയായി നല്‍കി. എമിറേറ്റ്‌സ് റെഡ് ക്രസന്റ് വഴി ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാനാണ് ഈ തുക.

'വീടുകള്‍ തകര്‍ന്നു, സ്‌കൂളുകള്‍ തുടച്ചു നീക്കപ്പെടുകയും ജലവിതരണ സംവിധാനങ്ങള്‍ക്ക് സാരമായ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. ബോട്ടില്‍ഡ് വാട്ടര്‍ നല്‍കിയതിലൂടെ, പ്രളയ ദുരിതം ബാധിച്ച കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ വെള്ളം ലഭ്യമാക്കാനായി, ഇതിലൂടെ വെള്ളത്തിലൂടെയുള്ള രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യത കുറയ്ക്കാനായി'- മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു.

ബെയ്‌റൂത്തില്‍ സര്‍വ്വനാശം വിതച്ച 2020ലെ സ്‌ഫോടനത്തിന് പിന്നാലെ മഹ്‌സൂസ് എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി കൈകോര്‍ത്ത് ലബനാനെ സഹായിക്കാനുള്ള സംരംഭത്തില്‍ പങ്കാളികളായിരുന്നു. വന്‍തുകയുടെ സമ്മാനങ്ങളിലൂടെ ആളുകളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ മാത്രമല്ല, ഔദ്യോഗിക എന്‍ജിഒ, നോണ്‍-പ്രോഫിറ്റ് സംഘടനകള്‍ എന്നിവ വഴി സാമൂഹിക സംഭാവനകള്‍ തുടരുന്നതിലും കമ്പനി പ്രതിബദ്ധത പുലര്‍ത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും 8000ത്തിലധികം പേരുടെ ജീവിതത്തിലാണ് നല്ല മാറ്റങ്ങള്‍ വരുത്തിയത്.