ഈ അവസരത്തില്‍ ജീവനക്കാര്‍ പ്രകൃതി സൗഹൃദ, പ്രകൃതിദത്ത ചര്‍മ്മസംരക്ഷണ പാക്കുകള്‍ തയ്യാറാക്കി.

ദുബൈ: സാമൂഹികക്ഷേമം ഉദ്ദേശമാക്കിയും ആളുകളുടെ ജീവിതം മാറ്റിമറിക്കുകയെന്ന ലക്ഷ്യത്തോടെയും പ്രവര്‍ത്തിക്കുന്ന യുഎഇയിലെ മുന്‍നിര നറുക്കെടുപ്പായ മഹ്‌സൂസ്, പരിസ്ഥിതിക്കും സ്ത്രീകളുടെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്ന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചര്‍മ്മസംരക്ഷണ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ പരിസ്ഥിതിക്കും സ്ത്രീകളുടെ ആരോഗ്യത്തിനുമുണ്ടാകുന്ന ആഘാതത്തെ കുറിച്ച് ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

വര്‍ക്ക്ഷോപ്പില്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ സഹകരിച്ച് പ്രകൃതിദത്ത, ഓര്‍ഗാനിക് ചേരുവകള്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദവും ആരോഗ്യകരവുമായ ചര്‍മ്മസംരക്ഷണ പാക്കുകള്‍ തയ്യാറാക്കി. സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം പരിസ്ഥിതിയെ ബാധിക്കുന്നത് കുറയ്ക്കുകയും ഡിയോഡ്രന്റുകള്‍, സ്‌ക്രബ്ബുകള്‍, ലിപ് ബാമുകള്‍, സോപ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പരിസ്ഥിതി സൗഹൃദപരമായും ആരോഗ്യകരമായും നിര്‍മ്മിക്കുന്നതിലേക്ക് ജീവനക്കാരെ നയിക്കുകയും എന്നിങ്ങനെ രണ്ട് ലക്ഷ്യങ്ങളാണ് ഇതിനുണ്ടായിരുന്നത്.

'ചര്‍മ്മസംരക്ഷണ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകളും സിന്തറ്റിക് ചേരുവകളും സ്തനാര്‍ബുദമടക്കമുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. സാധാരണയായി കാണപ്പെടുന്ന നിരവധി സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളില്‍ ഹാനികരമായ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുന്നു. സ്തനാര്‍ബുദ ബോധവത്കരണ മാസമായാണ് ലോകമെമ്പാടും ഒക്ടോബര്‍ മാസം ആചരിക്കുന്നത്. പ്രകൃതിദത്തമായ, കെമിക്കലുകള്‍ ഇല്ലാത്ത ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനും നമ്മുടെ ദിവസേനയുള്ള തെരഞ്ഞെടുപ്പുകള്‍ എങ്ങനെ പരിസ്ഥിതിയെ ബാധിക്കുന്നു എന്നതില്‍ ബോധവത്കരണം നടത്താനുമുള്ള ശരിയായ സമയം കൂടിയാണിത്'- മഹ്‌സൂസ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍എല്‍സിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി മേധാവിയായ സൂസന്‍ കസ്സി പറഞ്ഞു.

ആളുകളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയെന്ന മഹ്‌സൂസിന്റെ ലക്ഷ്യത്തിന്‍റെയും, ആരോഗ്യകരമായ തെരഞ്ഞെടുപ്പുകളിലൂടെ സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ സെല്‍ഫ് കെയര്‍ രീതികള്‍ സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമാക്കി മാറ്റാന്‍ അവസരം നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിന്‍റെയും ഭാഗമാണ് പുതിയ സംരംഭം.