ദുബൈ: ഏഴു വര്‍ഷമായി പണം കവരുന്ന പ്രവാസി വീട്ടുജോലിക്കാരിയെ നിരീക്ഷണ ക്യാമറകളുടെ സഹായത്തില്‍ പിടികൂടി സ്‌പോണ്‍സര്‍. ദുബൈയില്‍ അല്‍ ബര്‍ഷയിലെ വില്ലയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന വീട്ടുജോലിക്കാരിയാണ് പിടിയിലായത്.

20,000 ദിര്‍ഹം സ്‌പോണ്‍സറിന്റെ പഴ്സില്‍ നിന്ന് മോഷ്ടിച്ചതിനാണ് 45കാരിയായ ഫിലിപ്പീന്‍സ് സ്വദേശി പിടിയിലായത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. പഴ്സില്‍ നിന്നും ഏഴു വര്‍ഷമായി ഇവര്‍ പണം മോഷ്ടിക്കുന്നുണ്ട്. അടുത്തിടെ തന്റെ പഴ്സില്‍ നിന്നും 17,000 ദിര്‍ഹവും ഭാര്യയുടേതില്‍ നിന്ന് 3,000 ദിര്‍ഹവും കവര്‍ന്നതായി സ്‌പോണ്‍സര്‍ പറഞ്ഞു.

വീട്ടുജോലിക്കാരിക്കെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ മോഷണം കണ്ടെത്താനായാണ് വീട്ടില്‍ സുരക്ഷാ ക്യാമറകള്‍ ഘടിപ്പിച്ചത്. പിന്നീട് ഇവര്‍ പണം കവരുന്നത് കണ്ടെന്ന് സ്‌പോണ്‍സര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സ്‌പോണ്‍സര്‍ അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനില്‍ മോഷണ വിവരം അറിയിക്കുകയായിരുന്നു. 1,000 ദിര്‍ഹം കവര്‍ന്നതായി വീട്ടുജോലിക്കാരി സമ്മതിച്ചു. കേസില്‍ ഡിസംബര്‍ 27നാണ് വിധി പ്രഖ്യാപിക്കുക.