കൊവിഡ് ചികിത്സ സൗജന്യമായിരിക്കുമെന്നാണ് നേരത്തെ തന്നെ അറിയിച്ചിരുന്നത്. തിരിച്ചെത്തുന്ന പ്രവാസികളെ ഹോം ക്വാറന്റീനില്‍ അയക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇതിന് സാധിക്കാത്ത ചുരുക്കം പേരെ മാത്രം മറ്റിടങ്ങളില്‍ ക്വാറന്റീനിലാക്കാമെന്നായിരുന്നു തീരുമാനം.
തിരുവനന്തപുരം: ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടും മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിന്ന് ക്വാറന്റീന്‍ ചെലവ് ഈടാക്കാനുള്ള തീരുമാനം പൂര്‍ണമായി പിന്‍വലിക്കാതെ സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് നിന്നെത്തുന്നവരില്‍ നല്ലൊരു വിഭാഗവും ചെലവ് വഹിക്കാന്‍ കഴിയുന്നവരാണെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെലവ് താങ്ങാൻ ആകുന്നവരിൽ നിന്ന് അത് ഈടാക്കുക എന്നത് സംസ്ഥാന സർക്കാറിന്റെ തീരുമാനം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ചികിത്സ സൗജന്യമായിരിക്കുമെന്നാണ് നേരത്തെ തന്നെ അറിയിച്ചിരുന്നത്. തിരിച്ചെത്തുന്ന പ്രവാസികളെ ഹോം ക്വാറന്റീനില്‍ അയക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇതിന് സാധിക്കാത്ത ചുരുക്കം പേരെ മാത്രം മറ്റിടങ്ങളില്‍ ക്വാറന്റീനിലാക്കാമെന്നായിരുന്നു തീരുമാനം. എന്നാല്‍ അത് സാധിക്കാതെ വരികെയും എല്ലാവരെയും സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെ ക്വാറന്റീനിലാക്കുകയും ചെയ്യേണ്ടി വന്നു. കേരളത്തില്‍ ഹോം ക്വാറന്റീന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെ അത് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കുമെന്ന ഇന്നലത്തെ പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി തിരുത്തി. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരടക്കം എല്ലാവരും ഇനി മുതല്‍ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. സര്‍ക്കാര്‍ നിര്‍ദേശം വ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെയാണ് ഇന്ന് മുഖ്യമന്ത്രി ഇക്കാര്യം തിരുത്തിയത്.
സര്‍ക്കാര്‍ നിര്‍ദേശം ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കിയെന്നാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. "സര്‍വകക്ഷി യോഗത്തിലും ഈ പ്രശ്നം വിവിധ കക്ഷി നേതാക്കള്‍ ഉന്നയിച്ചു. ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള ആശങ്കയുടെയും കാര്യമില്ല. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. ക്വാറന്റീന്‍ ചെലവ് താങ്ങാന്‍ കഴിയുന്നവരുണ്ട്. അവരില്‍ നിന്ന് അത് ഈടാക്കുക എന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്നും ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും" മുഖ്യമന്ത്രി പറഞ്ഞു.
