സലാല : സലാലയിലെ പ്രവാസി മലയാളികളായ കലാകാരന്മാരുടെ  കൂട്ടായ്‍മയിലൂടെ പ്രവർത്തനത്തിലൂടെ  'ഓർമ്മനിലാവിൽ' എന്ന മലയാള  ഹ്രസ്വ ചിത്രം സലാല ഇന്ത്യൻ സോഷ്യൽ ക്ലബ്, കേരളം വിങ്ങിന്റെ  ഫേസ് ബുക്ക് പേജിലൂടെ പുറത്തിറക്കി. വ്യത്യസ്തമായ പ്രമേയത്തിലൂടെ ഒരു പ്രവാസി മലാളിയുടെ ജീവിതവും പെട്ടെന്നുള്ള മരണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വിജോ.കെ.തുടിയന്റെ സംവിധാനത്തിൽ ശ്രീ.സുരേഷ് ബാബു നിർമ്മിച്ച ഈ ഹ്രസ്വ ചിത്രത്തിന് തുടക്കത്തിൽ തന്നെ  വളരെ നല്ല പ്രതികരണമാണ്  ലഭിച്ചു വരുന്നത്. ചിത്രത്തിന്റെ  ആദ്യ പോസ്റ്റർ സിനിമാ സംവിധായകൻ ബ്ലെസ്സിയുടെ  ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കിയിരുന്നു. പ്രവാസ ലോകത്ത്  വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്ത, കഴിവുള്ള പ്രവാസി കലാകാരൻമാരെ ഒന്നിപ്പിക്കുക എന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിലൊരു പദ്ധതി  ഉടലെടുത്തതെന്ന് സംവിധായകൻ വിജോ. കെ. തുടിയൻ പറഞ്ഞു

പൂർണ്ണമായും സലാലയിൽ ചിത്രീകരിച്ച ഈ ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചവരും പിന്നണിയിൽ പ്രവർത്തിച്ച മുഴുവൻ സാങ്കേതിക പ്രവർത്തകരും സലാലയിലെ പ്രവാസ ലോകത്ത് വിവിധ മേഖലയിൽ തൊഴിലെടുക്കുന്നവരാണെന്നതാണ് ചിത്രത്തെ വേറിട്ട് നിർത്തുന്ന മുഖ്യ ഘടകം.