ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവിനെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നുവീണ് മരിച്ചനിലയില്‍ കണ്ടെത്തി. മെയിന്റനന്‍സ് തൊഴിലാളിയായിരുന്ന ഗോപകുമാറിന്റെ (32) മൃതദേഹം അല്‍ മജാറയിലെ ഖാന്‍ സാഹിബ് ബില്‍ഡിങിന് താഴെനിന്നാണ് കണ്ടെത്തിയത്. കെട്ടിടത്തില്‍ വാച്ച്മാനൊപ്പമാണ് ഒരുമുറിയില്‍ അദ്ദേഹം താമസിച്ചിരുന്നത്.

രാവിലെ 11 മണിയോടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും ഗുരുതരമായ പരിക്കുകള്‍ കാരണം ഗോപകുമാര്‍ മരിച്ചിരുന്നു. ചോദ്യം ചെയ്യാനായി വാച്ച്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോപകുമാറിന് മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും സന്തോഷവാനായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. ഭാര്യയെയും മൂന്ന് വയസുകാരിയായ മകളെയും ദിവസവും വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. മാനസികമായ എന്തെങ്കിലും സമ്മര്‍ദനോ പ്രശ്നങ്ങളോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.