മനാമ: ബഹ്റൈനില്‍ പ്രവാസി മലയാളി വാഹനത്തില്‍ തൂങ്ങിമരിച്ച നിലയില്‍. സാമ്പത്തിക പരാധീനത കാരണം ആത്മഹത്യ ചെയ്തതാവമെന്നാണ് പ്രാഥമിക നിഗമനം. ലോറി ഡ്രൈവറായി ജോലി ചെയ്തിരുന്ന കാര്‍ത്തിയേകന്‍ ഭാസ്കരന്‍ (47) എന്നയാളാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഹമദ് ഠൗണിലെ ഒരു ബില്‍ഡിങ് മെറ്റീരിയല്‍സ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു കാര്‍ത്തികേയന്‍ ഭാസ്കരന്‍. തുറസായ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് നീട്ടിവെച്ചിരുന്ന കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ രാവിലെ ഏഴ് മണിക്ക് ഗാരേജിലെ ഒരു ജീവനക്കാരാനാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ അന്‍പതോളം പേര്‍ ഇവിടെ തടിച്ചുകൂടി. പിന്നീട് സ്ഥലത്തുനിന്ന് മറ്റുള്ളവരെ പൊലീസ് ഒഴിപ്പിച്ചു. പാരാമെഡിക്കല്‍ ജീവനക്കാരെത്തി മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി.

പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാവാം സംഭവം നടന്നതെന്ന് ഗാരേജില്‍ ജോലി ചെയ്തിരുന്ന മറ്റൊരു ഇന്ത്യക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മണിവരെ താന്‍ സ്ഥലത്തുണ്ടായിരുന്നു. താന്‍ പോയതിന് ശേഷമാവാം സംഭവം നടന്നത്. സാമ്പത്തിക പരാധീനതയാണ് കാരണമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ബഹ്റൈനില്‍ ഈ വര്‍ഷം ആകെ 33 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 21 പേരും ഇന്ത്യക്കാരായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ 16 പേരാണ് ആത്മഹത്യ ചെയ്തതെങ്കില്‍ ഈ വര്‍ഷം അത് ഇരട്ടിയിലധികമായി ഉയര്‍ന്നിരിക്കുകയാണ്.