പ്രവാസി മലയാളി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് സ്വദേശിയായ പ്രവാസി മലയാളി സലാഹുദ്ദീൻ (40) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് റൂമിലെത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. 15 വർഷമായി പ്രവാസിയായ ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് പിഞ്ചുകുട്ടികളുമുണ്ട്.

മസ്കത്ത്: ഒമാനിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ജില്ലയിലെ തൃത്താല കുമ്പിടി ഉമ്മത്തൂർ പട്ടിപ്പാറ ഹൗസിൽ സലാഹുദ്ദീൻ (40) ആണ് ഒമാനിലെ ഖദ്റയിൽ ശനിയാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ജോലി സ്ഥലത്ത് നിന്ന് ഷിഫ്റ്റ് കഴിഞ്ഞ് റൂമിലെത്തിയ സലാഹുദ്ദീൻ റൂമിന് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ ഈ സമയം മറ്റാരും അവിടെയുണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് കൂടെ താമസിക്കുന്നയാൾ റൂമിന് പുറത്തുവന്നപ്പോഴാണ് യുവാവ് വീണുകിടക്കുന്നത് ​ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

15 വർഷമായി പ്രവാസിയാണ്. സുവൈഖിലെ ഖദറയിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു. ഭാര്യയോടും മക്കളോടും യാത്രപറഞ്ഞ് കഴിഞ്ഞ നവംബറിലാണ് സലാഹുദ്ദീൻ നാട്ടിൽ നിന്ന് ഒമാനിൽ തിരിച്ചെത്തിയത്. മൂന്നു പിഞ്ചു കുട്ടികളടങ്ങുന്നതാണ് സലാഹുദ്ദീന്റെ കുടുംബം. ഏറ്റവും ഇളയ മകൾക്ക് ആറു മാസം മാത്രമാണ് പ്രായം. സലാഹുദ്ദീന്റെ സഹോദരൻ മുഹമ്മദ് മുസ്തഫ ഖദ്റയിൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലി ​ചെയ്യുന്നുണ്ട്. പിതാവ്: പരേതനായ കമ്മു മുസ്‍ലിയാർ. മാതാവ്: ആയിശ. ഭാര്യ: അംറത്ത് റിസ്‍വാന. മക്കൾ: ഫൈഹ (ആറ്) ഫർഹ (നാല്), ​ഫൈറ (ആറുമാസം).