Asianet News MalayalamAsianet News Malayalam

കാറോടിക്കുന്നതിനിടെ ഹൃദയാഘാതം; റിയാദില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

കമ്പനിയുടെ വാഹനം വഴിയിൽ കിടക്കുന്നത് കണ്ട് സഹപ്രവർത്തകർ നോക്കുമ്പോഴാണ് സിയാദ് കാറിനുള്ളിൽ ചലനമറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

malayali expat dies of heart attack in riyadh
Author
Riyadh Saudi Arabia, First Published Dec 28, 2019, 9:09 AM IST

റിയാദ്: റിയാദില്‍ കാറോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി. റിയാദിന് സമീപം അൽഖർജിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഡ്രൈവിങ്ങിനിടെ ആലപ്പുഴ കുത്തിയതോട് തുറവൂർ സ്വദേശി കോതാട്ട്‌വെളി കുഞ്ഞുമുഹമ്മദിന്‍റെ മകൻ സിയാദ് (30) മരിച്ചത്. താനിയ കുടിവെള്ള കമ്പനിയിൽ ഡ്രൈവറായ സിയാദ് ശനിയാഴ്ച രാവിലെ ഡ്യൂട്ടിയുടെ ഭാഗമായി അൽഖർജിൽ നിന്നും റിയാദിലേക്ക് വരുമ്പോഴായിരുന്നു മരണം. 

കമ്പനിയുടെ വാഹനം വഴിയിൽ കിടക്കുന്നത് കണ്ട് സഹപ്രവർത്തകർ നോക്കുമ്പോഴാണ് സിയാദ് കാറിനുള്ളിൽ ചലനമറ്റ് കിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ സിയാദ് മരണപ്പെട്ടിരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ട്. മാതാവ്: റഹീമ. ഭാര്യ: നിസാന. സഹോദരിമാർ: സീനത്ത്, സെറീന. 

അൽഖർജിലെ ജാമിഅ അബ്ദുൽ അസീസ് പള്ളിയിൽ മയ്യിത്ത് നമസ്കാരം നടത്തി ഹയാത്തം മഖ്ബറയിൽ കഴിഞ്ഞ ദിവസം ഖബറടക്കി. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വെൽഫെയർ കോ ഓഡിനേറ്റർ മുഹിയുനുദ്ദീൻ മലപ്പുറത്തിന്‍റെ നേത്യത്വത്തിൽ മുനീബ് പാഴൂർ, മഹ്ജൂബ് കണ്ണൂർ, റഹീസ് കണ്ണൂർ, ബന്ധുക്കളായ സലാഹുദീൻ തുറവൂർ, അനീഷ്, അബ്ദുറഹീം തുറവൂർ, സുഹൃത്തുക്കാളായ മുഹമ്മദ് മൂസ, അൻവർ എന്നിവർ ഖബറടക്ക നടപടിക്രമങ്ങൾ പൂർത്തിയാക്കി.

Follow Us:
Download App:
  • android
  • ios