ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ മരണപ്പെട്ടതായി കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചു. 

കൊച്ചി: വാഹനാപകടത്തിന്‍റെ വിവരം ഇന്നലെ രാത്രിയോടെ അറിഞ്ഞെന്നും എന്നാല്‍ അമ്മ മരണപ്പെട്ടതായി ഏതാനും മണിക്കൂര്‍ മുമ്പാണ് അറിയിച്ചതെന്നും കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയായ ഗീത ഷോജി ഐസകിന്‍റെ മകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടം നടന്ന ഉടനെ പരിക്കേറ്റവരെ മൂന്ന്, നാല് ആശുപത്രികളിലേക്കാ മാറ്റി. ആ സമയം മുതല്‍ തങ്ങള്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചിരുന്നെന്നും ഗീത ഷാജിയുടെ മകന്‍ പറഞ്ഞു.

അപകടം സംഭവിച്ച് ഒന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പിതാവിനെയും അനുജനെയും കൊണ്ടുപോയ ആശുപത്രികള്‍ അറിയാനായി. ഇന്ത്യന്‍ എംബസിയും അപ്പോഴേക്ക് സംഭവത്തില്‍ ഇടപെട്ടിരുന്നു. പിതാവിനും അനുജനും പരിക്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അമ്മയെ കണ്ടെത്താനായില്ല. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് അമ്മ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ട വിവരം തങ്ങളെ അറിയിച്ചതെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ 23 വര്‍ഷമായി ഖത്തറില്‍ താമസിക്കുകയായിരുന്നു ഗീത ഷാജി. ബലിപെരുന്നാള്‍ അവധി ആഘോഷിക്കാന്‍ കെനിയയിലേക്ക് വിനോദയാത്ര പോയതാണ്. രണ്ടാഴ്ച മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയിരുന്നു. ഇനി ജൂലൈയില്‍ വീണ്ടും നാട്ടിലെത്താന്‍ തയ്യാറെടുത്തിരുന്നു. ജൂൺ 11ന് കെനിയയില്‍ നിന്ന് തിരികെ പുറപ്പെടാനൊരുങ്ങുന്നതിനിടെയാണ് അപകടം. അമ്മ ഇല്ലെന്ന വിവരം വിശ്വസിക്കാനാകുന്നില്ലെന്ന് ഗീത ഷാജിയുടെ മരുമകള്‍ പ്രതികരിച്ചു.

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്‍റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ മരിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചതെന്ന് കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചു. പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

രണ്ട് സ്ത്രീയും രണ്ട് കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തൃശ്ശൂര്‍ സ്വദേശി ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (1), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആനും (41) മകള്‍ ടൈറ റോഡ്വിഗസും (7) ആണ് മരിച്ച മലയാളികള്‍. അപകടത്തിൽ റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ജോയലിന്റെയും ട്രാവസിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം ലഭിച്ചതെന്ന് മണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്വാമിനാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മൂന്ന് ദിവസത്തിനകം മൃദദേഹം നാട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം.കോയമ്പത്തൂർ സ്വദേശിയായ ജോയലിന്റെ വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ന്യാഹുരുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

YouTube video player