ഫൈബർ ഗ്ലാസ് ബിസിനസ് തുടങ്ങി വിജയിപ്പിച്ച ഇവര്‍ക്ക് 78 ജീവനക്കാര്‍ വരെയുണ്ടായിരുന്നു. ഒരുപാട് പേരെ കൈപിടിച്ചു. 2015 മുതൽ കേസുകളിൽപ്പെട്ടു തുടങ്ങി.

ദുബൈ ബിസിനസ് തകർന്നു, കേസുകളിലും കുടുങ്ങി, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നതിനിടെ കാഴ്ചയും കൂടി നഷ്ടപ്പെട്ടതോടെ തീരാ ദുരിതത്തിലായി യുഎഇയിൽ ഒരു മലയാളി പ്രവാസി വനിത. തിരുവനന്തപുരം സ്വദേശി സൂസൻ ആന്‍റണിയാണ് നാട്ടിലേക്ക് മടങ്ങാൻ പോലുമാകാതെ ദുരിതത്തില്‍ കഴിയുന്നത്. ഇവരുടെ ഏകമകനെ കണ്ടിട്ടു പോലും പത്ത് വർഷമായി. വൻതുക പലരിൽ നിന്നായി തിരികെ കിട്ടാനുള്ളപ്പോഴാണ് ഈ അവസ്ഥ.

വർഷങ്ങൾക്ക് മുമ്പ് വിജയിച്ച ഒരു ബിസിനസുകാരിയാണ് സൂസൻ ആന്‍റണി. എന്നാല്‍ ആ വിജയം തുടര്‍ന്നില്ല. ഇപ്പോള്‍ ഡയബറ്റിക് റെറ്റിനോപ്പതി കാരണം കാഴ്ച ഏറെക്കുറെ പൂർണമായും മറഞ്ഞിരിക്കുന്നു. തിരിച്ചു പിടിക്കാൻ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. പക്ഷെ വാടകകൊടുക്കാനും ഭക്ഷണത്തിനും വരെ ഞെരുങ്ങുന്ന ഇവർക്കത് അസാധ്യാണ്.

ഒന്നര വർഷം മുൻപാണ് സൂസന്‍റെ കണ്ണിൽ മുഴുവനും ഇരുൾ നിറഞ്ഞത്. 37 വർഷമായി യുഎഇയിൽ വന്നിട്ട്. 2010ൽ ഷാർജയിലും 2012ൽ ഉമ്മുൽഖുവൈനിലും ഫൈബർ ഗ്ലാസ് ബിസിനസ് തുടങ്ങി. വൻ വിജയമായി. 78 ജീവനക്കാരുണ്ടായിരുന്ന സ്ഥാപനം. ഒരുപാട് പേരെ കൈപിടിച്ചു. 2015 മുതൽ കേസുകളിൽപ്പെട്ടു തുടങ്ങി. ആദ്യം ചെക്ക് കേസ്. അടി തെറ്റിയതോടെ മറ്റു കേസുകൾ. പിഴ വീണതോടെ കിട്ടാനുള്ള തുകകൾ മുടങ്ങി, ബാധ്യതയായി 2018ൽ പൂട്ടി. ഇപ്പോൾ വിസയും രേഖകളും കാലാവധി തീർന്നു. പ്രമേഹരോഗം കൂടി. കാഴ്ച്ച കൂടി പോയതോടെ പൂർണമായി തകർന്നു.

നാട്ടിലെ സ്വത്ത് വരെ വിറ്റ് പിടിച്ചു നിൽക്കാൻ നോക്കി. കാഴ്ചയില്ലാത്തതിനാൽ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാനാകില്ല. ഒന്ന് പൊരുതി നോക്കാൻ കാഴ്ച തിരിച്ചു കിട്ടുന്ന ഒരു സഹായം മാത്രമാണ് ഇവർ തേടുന്നത്. കേസുകൾ കാരണം നാട്ടിൽപ്പോകാനാകാതെ മകനെ കണ്ടിട്ട് പോലും പത്ത് വർഷമായി. അൽ ദെയ്ദിൽ ഏറ്റവും കുറഞ്ഞ വാടകയുള്ള ഒരു സ്ഥലത്താണ് താമസം. ആയകാലത്ത് എല്ലാവരെയും സഹായിച്ച സൂസൻ ആന്റണിക്കൊപ്പം ഇപ്പോൾ ആരുമില്ല. തിരികെ കിട്ടാനുള്ള പണം മാത്രം കിട്ടിയാൽ, ഇവർക്ക് നിവർന്നു നിൽക്കാം. പക്ഷെ അതിന് കാഴ്ചയെങ്കിലും തിരികെപ്പിടിക്കണം. കേസുകൾ തീരണം.

YouTube video player