ഓണത്തെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ് ഗൾഫ് രാജ്യങ്ങളിലെ മലയാളികള്‍. പ്രവാസി മലയാളികള്‍ക്ക് നബിദിന അവധി ലഭിക്കുന്നതിനാല്‍ ഓണാഘോഷത്തിന്‍റെ മാറ്റ് കൂടും.
ദുബൈ: കേരളത്തിലെ പോലെ തന്നെ പ്രവാസ ലോകത്തും ഓണം വലിയ ആഘോഷം തന്നെയാണ്. നാട്ടിലെ ഓണാഘോഷത്തിന്‍റെ ചന്തം ഒട്ടും കുറയാതെയാണ് ഗൾഫ് മലയാളികളും ഓണത്തെ വരവേല്‍ക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഓണാഘോഷം കൂട്ടായ്മയുടെയും പങ്കുവെക്കലിന്‍റേതുമാണ്. വിവിധ മലയാളി അസോസിയേഷനുകളും ക്ലബ്ബുകളും പലതരത്തിലുള്ള ഓണ പരിപാടികള്‍ സംഘടിപ്പിക്കും. വിപണിയില്‍ നേരത്തെ തന്നെ ഓണം മൂഡാണ്. പൂക്കളും സദ്യവട്ടത്തിനുള്ള സാധനങ്ങളും വിപണിയില്‍ സജ്ജമാണ്.
ഇത്തവണ പ്രവാസ ലോകത്തെ ഓണാഘോഷത്തിന് മാറ്റേറും. നബിദിനം പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളില്‍ നാളെ മുതല്‍ തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ ലഭിക്കുന്നതിനാല്‍ ഓണം പൊടിപൊടിക്കും. ഗൾഫിൽ നാളെ അവധിയായതിനാൽ ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞ് എത്തുന്നതോടെ മലയാളികളുടെ ഉത്രാടപ്പാച്ചിൽ തുടങ്ങും. ജോലിത്തിരക്കായതിനാൽ ഭൂരിഭാഗം കുടുംബങ്ങളും ബാച്‌ലേഴ്സും നാളത്തെ സദ്യവട്ടത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതും ഇന്ന് വൈകിട്ടാണ്.
ഓണത്തോട് അനുബന്ധിച്ച് വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പ്രത്യേക ഓഫര്‍ സെയിലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളികൾ കൂടുതലുള്ള ദുബൈ, അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ പഴം പച്ചക്കറി മാർക്കറ്റുകളിൽ ഏതാനും ദിവസമായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മധ്യവേനല്‍ അവധി കഴിഞ്ഞ് തിരികെ ഗൾഫിലെത്തിയ മലയാളികള്‍ ഓണം മുന്നില്‍ കണ്ട് വീട്ടില്‍ നിന്ന് അച്ചാറുകളും കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും കൊണ്ടുവന്നിരുന്നു. നാട്ടിലെ പ്രിയപ്പെട്ടവരുടെ സ്നേഹം ചാലിച്ച ഇവ ഓണാഘോഷത്തിന്‍റെ മാറ്റ് കൂട്ടും. പലരും വ്യത്യസ്ത വിഭവങ്ങള്‍ പല വീടുകളില്‍ നിന്ന് ഉണ്ടാക്കി ഒരിടത്ത് എത്തിച്ച് സദ്യയൊരുക്കുന്ന രീതിയുമുണ്ട്. ബാച്ചിലര്‍മാര്‍ താമസസ്ഥലത്ത് ഓണസദ്യ ഒരുക്കും. ജോലിത്തിരക്കില്‍ സദ്യയൊരുക്കാന്‍ സമയമില്ലാത്തവര്‍ക്കായി വിഭവസമൃദ്ധമായ സദ്യ വീട്ടിലെത്തിക്കുന്ന ഹോട്ടലുകളുമുണ്ട്. പായസങ്ങളിലും വിഭവങ്ങളിലും വ്യത്യസ്തത കൊണ്ടുവന്ന് ഓണസദ്യ കെങ്കേമമാക്കാന്‍ വിവിധ ഹോട്ടലുകളും തയ്യാറായി കഴിഞ്ഞു. ഓണക്കോടിയുടുത്തും പൂക്കളമിട്ടും സദ്യയുണ്ടും മറുനാട്ടിലും ഓണം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് പ്രവാസികൾ.
