മൊബൈല്‍ ഫോണും ലാപ്ടോപ്പും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പെടെ പുതിയതായി വാങ്ങിയ വിലയേറിയ സാധനങ്ങളാണ് പെട്ടിയില്‍ നിന്ന് നഷ്ടമായത്.
കൊല്ലം: അയര്‍ലന്‍ഡില്‍ നിന്ന് നാട്ടിലെത്തിയ മലയാളി കുടുംബത്തിന്‍റെ ബാഗേജില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. അയർലൻഡിലെ വാട്ടർഫോഡിൽ താമസിക്കുന്ന കൊല്ലം കുളക്കട ചെറുവള്ളൂർ ഹൗസിൽ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകൻ ഡെറിക് ബിജോ കോശി എന്നിവരുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും മെഡിക്കല്‍ ഉപകരണങ്ങളുമടക്കമുള്ള വിലയേറിയ വസ്തുക്കളാണ് നഷ്ടമായത്. ഇത് ചൂണ്ടിക്കാണിച്ച് ഇന്‍ഡിഗോ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ബിജോയ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
ജൂലൈ 23നാണ് ബിജോയിയും കുടുംബവും അയര്‍ലന്‍ഡില്‍ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്തത്. ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈ വഴിയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. മുബൈ വഴിയുള്ള കൊച്ചി ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് കുടുംബം യാത്ര ചെയ്തത്. ഡബ്ലിനില്‍ നിന്ന് ഇവര്‍ നാല് ബാഗുകളുമായാണ് നാട്ടിലേക്ക് വിമാനം കയറിയത്. എന്നാല്‍ കുടുംബം മുംബൈയിലെത്തിയപ്പോള്‍ അവര്‍ക്ക് മൂന്ന് ബാഗുകളാണ് തിരികെ ലഭിച്ചത്. ഒരു പെട്ടി നഷ്ടമായ വിവരവും രേഖകളുമടക്കം ബിജോയ് വിമാന അധികൃതര്‍ക്ക് പരാതി നല്‍കി. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് രണ്ടിന് ഇന്‍ഡിഗോ പ്രതിനിധികള്‍ ഇവരുടെ നഷ്ടമായ ബാഗേജ് എത്തിച്ചു നല്‍കി.
എന്നാല്‍ പെട്ടി തുറന്നപ്പോഴാണ് കുടുംബം ഞെട്ടിയത്. വിലപിടിപ്പുള്ള പല സാധനങ്ങളും നഷ്ടമായിരിക്കുന്നു. പുറപ്പെടുമ്പോള്‍ 28 കിലോ തൂക്കമുണ്ടായിരുന്ന പെട്ടിയില്‍ അവശേഷിച്ചത് 15 കിലോ മാത്രം. മൊബൈല്‍ ഫോൺ, ലാപ്ടോപ്പ്, വിലയേറിയ ഷൂസ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ പെട്ടിയില്‍ നിന്ന് നഷ്ടമായതായി ബിജോയ് പറഞ്ഞു. പഴയ തുണികളടക്കമുള്ള കുറച്ച് സാധനങ്ങള്‍ മാത്രമാണ് ഇന്‍ഡിഗോ എത്തിച്ച് നല്‍കിയ പെട്ടിയില്‍ അവശേഷിച്ചത്. ഡബ്ലിനില്‍ നിന്ന് പുറപ്പെടുമ്പോള്‍ പെട്ടിയില്‍ രേഖപ്പെടുത്തിയ തൂക്കവും തിരികെ പെട്ടി കയ്യിലെത്തിയപ്പോഴുള്ള തൂക്കവും വ്യക്തമാക്കുന്ന രേഖകളടക്കം ഉള്‍പ്പെടുത്തി ബിജോയ് ഇന്‍ഗിഡോ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കേരള പൊലീസിലും ഇദ്ദേഹം പരാതി നല്‍കി. കൊല്ലം പുത്തൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

പെട്ടിയിലുള്ള സാധനങ്ങള്‍ എങ്ങനെ നഷ്ടമായെന്ന ചോദ്യത്തിന് ഇൻഡിഗോ അധികൃതര്‍ കൃത്യമായ മറുപടി നൽകിയിട്ടില്ല. അന്വേഷണം കാര്യക്ഷമമായി മുമ്പോട്ട് പോകുന്നുണ്ടെന്നാണ് ബിജോയിക്ക് ഇന്‍ഡിഗോയില്‍ നിന്ന് ലഭിച്ച മറുപടി. എന്നാല്‍ ഈ മാസം 19ന് തിരികെ അയര്‍ലന്‍ഡിലേക്ക് പോകാനിരിക്കുകയാണ് ബിജോയ്. മടക്കയാത്രക്ക് മുമ്പ് സംഭവിച്ചതെന്തെന്ന് അധികൃതര്‍ അന്വേഷിച്ച് അറിയിക്കുമോ എന്ന ആശങ്കയിലാണ് ഇദ്ദേഹം. നഷ്ടമായ വസ്തുക്കളോ അതിന് തുല്യമായ നഷ്ടപരിഹാരമോ ലഭിക്കണമെന്നാണ് ബിജോയ് ആവശ്യപ്പെടുന്നത്. ഇത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജോയ്. 2020ലാണ് ബിജോയിയും കുടുംബവും അയര്‍ലന്‍ഡിലെത്തിയത്. അയര്‍ലന്‍ഡില്‍ നിന്ന് പല തവണ നാട്ടിലേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു ദുരനുഭവം ഇതാദ്യമായാണെന്നും ബിജോയ് പറയുന്നു.
