ഷാര്‍ജ: നാട്ടിലേക്ക് മടങ്ങാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുകയായിരുന്ന മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം രാമപുരം സ്വദേശി വിനോജ് (49)നെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് വര്‍ഷമായി ഷാര്‍ജയിലെ നിസാന്‍ ഷോറൂമില്‍ ജോലി ചെയ്യുകയായിരുന്ന വിനോജ് ഈ മാസം 25ന് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. നാട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലാറ്റിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ലഗേജുകള്‍ പായ്ക്ക് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 16 വര്‍ഷം മസ്‍കത്തില്‍ ജോലി ചെയ്തിരുന്ന വിനോജ് രണ്ട് വര്‍ഷം മുന്‍പാണ് യുഎഇയിലെത്തിയത്. അമനകര തറയില്‍ പരേതനായ രാമകൃഷ്ണന്റെ മകനാണ്. മാതാവ്: സുമതി. ഭാര്യ: ജ്യോതി. മക്കള്‍: ദേവനാരായണന്‍, സൂര്യനാരായണന്‍.