Asianet News MalayalamAsianet News Malayalam

മലയാളി ഹജ്ജ് സംഘത്തിന് മദീനയില്‍ ഹൃദ്യമായ സ്വീകരണം

ഇന്ത്യൻ പതാകയേന്തിയ ബാലികമാരും മലയാളികളായ ഹജ്ജ് വളണ്ടിയർമാരും ഉൾപ്പെടെയുള്ളവർ ആദ്യ മലയാളി സംഘത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു

MALAYALI HAJJ PILGRIMS IN Madinah
Author
Madinah Saudi Arabia, First Published Jul 9, 2019, 12:09 AM IST

മദീന: ഹജ്ജ് നിർവ്വഹിക്കാനെത്തിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘത്തിന് മദീനയിൽ ഹൃദ്യമായ സ്വീകരണം. 300 തീർത്ഥാടകരാണ് കേരളത്തിൽ നിന്ന് ആദ്യമെത്തിയത്. പിന്നാലെ മൂന്നു വിമാനങ്ങളിലായി കേരളത്തിൽ നിന്ന് 900 തീർത്ഥാടകരുമെത്തി.

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദി എയർലൈൻസ് വിമാനത്തിൽ ഇന്നലെ വൈകുന്നേരം 4:40 നാണ് മദീന പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യൻ ഹജ്ജ് മിഷന്റെയും വിവിധ മലയാളി സംഘടനകളുടെയും നേതൃത്വത്തിലാണ് ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിച്ചത്. ഇന്ത്യൻ പതാകയേന്തിയ ബാലികമാരും മലയാളികളായ ഹജ്ജ് വളണ്ടിയർമാരും ഉൾപ്പെടെയുള്ളവർ ആദ്യ മലയാളി സംഘത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. 133 പുരുഷന്മാരും 167 സ്‌ത്രീകളുമായിരുന്നു ഇന്നലെ ആദ്യ വിമാനത്തിൽ എത്തിയത്.

രണ്ടാമത് എത്തിയ വിമാനത്തിൽ 140 പുരുഷന്മാരും 160 സ്ത്രീകളും ഉൾപ്പെടെ 300 തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. മൂന്നു വിമാനങ്ങളിലായി ഇന്ന് കേരളത്തിൽ നിന്ന് മദീനയിലെത്തിയത് 900 തീർത്ഥാടകരാണ്. കേരളത്തിൽ നിന്ന് ഈ വർഷം ആകെ 13,472 പേർക്കാണ് ഹജ്ജ് നിർവ്വഹിക്കാൻ അവസരം ലഭിച്ചത്. ഇതിൽ 11,094 പേര് കരിപ്പൂരിൽ നിന്നും 2378 പേര് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുമാണ് ഹജ്ജ് നിർവ്വഹിക്കാനെത്തുന്നത്. ഇന്ത്യൻ തീർത്ഥാടകരുടെ സേവനങ്ങൾക്കായി ഇന്ത്യൻ ഹജ്ജ് മിഷനും വിവിധ മലയാളി സംഘടനകളും വിപുലമായ ഒരുക്കങ്ങളാണ് മക്കയിലും മദീനയിലും ചെയ്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios