നോര്‍ത്തേൺ അയര്‍ലന്‍ഡില്‍ ജോലി കഴിഞ്ഞിറങ്ങിയ മലയാളി യുവാക്കള്‍ക്ക് നേരെ ആക്രമണം. റെസ്റ്റോറന്‍റ് ജീവനക്കാരായ യുവാക്കൾ രാത്രി ജോലി കഴിഞ്ഞിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
ഡബ്ലിന്‍: നോര്‍ത്തേൺ അയര്‍ലന്‍ഡില്‍ മലയാളി യുവാക്കള്‍ക്ക് നേരെ ആക്രമണം. വിനോദ സഞ്ചാര കേന്ദ്രമായ പോർട്രഷിന് സമീപ നഗരത്തിലെ റെസ്റ്റോറന്‍റ് ജീവനക്കാരായ യുവാക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.
ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ആക്രമണത്തിന് ഇരയായവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഹോട്ടലിന്‍റെ ഉടമയെത്തി യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
യുവാക്കൾ രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി പുറത്തേക്ക് ഇറങ്ങി നടക്കുമ്പോള്‍ അടുത്തുള്ള പബ്ബില്‍ നിന്ന് മദ്യപിച്ച് എത്തിയ ഒരു സംഘം ആളുകളാണ് ആക്രമിച്ചത്. എവിടെ നിന്നാണ്? എന്ന് ചോദിച്ച ശേഷമാണ് ആക്രമിച്ചത്. 20 വയസ്സിന് മുകളിലുള്ള അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കോളറൈൻ ബാലികാസിൽ റോഡിൽ നടന്ന സംഭവത്തിന് സാക്ഷിയായവരെ അന്വേഷിച്ച് പൊലീസ് സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.


