ദുബായ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന മലയാളി പ്രൊഫസര്‍ ദുബായില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 

മഹാരാജാസ് കോളേജില്‍ നിന്നും വിരമിച്ച എം ശ്രീകുമാറും(70) ഭാര്യ ശ്രീകുമാരിയും ഷാര്‍ജയില്‍ അധ്യാപികയായ മകള്‍ ശ്രീജയെ സന്ദര്‍ശിക്കാനാണ് ദുബായില്‍ എത്തിയത്. ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം മൂലം വിമാനങ്ങള്‍ റദ്ദാക്കിയതോടെ തിരിച്ചു വരാന്‍ കഴിഞ്ഞില്ല. 

വ്യാഴാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയോടെ അന്ത്യം സംഭവിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കാന്‍ കുടുംബം തീരുമാനിച്ചെന്ന് ബന്ധു പറഞ്ഞതായി മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.