Asianet News MalayalamAsianet News Malayalam

സൗദി അറബ്യയിൽ കാണാതായ പ്രവാസി വനിതയെ മൂന്ന് വർഷത്തിന് ശേഷം കണ്ടെത്തി

മൂന്നു വർഷം മുമ്പാണ് ലക്ഷ്മി പ്രവാസ ലോകത്തെത്തിയത്. ഒരു സൗദി പൗരൻ അവരെ ബഹ്റൈൻ വിസയിൽ കൊണ്ടുവന്ന്, പിന്നീട്  വീട്ടുജോലിക്കാരിയായി സൗദിയിൽ എത്തിക്കുകയായിരുന്നു. ഒന്നര വർഷം മുമ്പ് വരെ നാട്ടിലുള്ള കുടുംബവുമായി ലക്ഷ്മി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഒരു വിവരവും ലഭിയ്ക്കാതെയായി. 

malayali social workers found missing indian woman expatriate in saudi arabia
Author
Riyadh Saudi Arabia, First Published Jun 15, 2021, 8:48 AM IST

റിയാദ്: സൗദി അറേബ്യയിൽ വീട്ടുജോലിയ്ക്കായുള്ള വിസയിലെത്തി മൂന്ന് വർഷം മുമ്പ് കാണാതായ ആന്ധ്രാ സ്വദേശിനിയെ മലയാളി സാമൂഹിക പ്രവർത്തകർ സൗദി പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി. ദമ്മാമിലെ നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ശ്രമഫലമായി ആന്ധ്രാപ്രദേശ് വിശാഖപട്ടണത്തിലെ അദ്ദങ്കി വാരിലങ്ക സ്വദേശിനി കാരി ലക്ഷ്മിയെയാണ് രക്ഷപ്പെടുത്തി നാട്ടിലേക്ക് അയച്ചത്. 

മൂന്നു വർഷം മുമ്പാണ് ലക്ഷ്മി പ്രവാസ ലോകത്തെത്തിയത്. ഒരു സൗദി പൗരൻ അവരെ ബഹ്റൈൻ വിസയിൽ കൊണ്ടുവന്ന്, പിന്നീട്  വീട്ടുജോലിക്കാരിയായി സൗദിയിൽ എത്തിക്കുകയായിരുന്നു. ഒന്നര വർഷം മുമ്പ് വരെ നാട്ടിലുള്ള കുടുംബവുമായി ലക്ഷ്മി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഒരു വിവരവും ലഭിയ്ക്കാതെയായി. തുടർന്ന് അവരുടെ വീട്ടുകാർ സൗദിയിലെ ഇന്ത്യൻ എംബസിയിൽ പരാതിപ്പെട്ടു. ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ  നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും , ജീവകാരുണ്യപ്രവർത്തകയുമായ  മഞ്ജു മണിക്കുട്ടന് വിവരങ്ങൾ കൈമാറി, ലക്ഷ്മിയെക്കുറിച്ചു അന്വേഷിയ്ക്കാൻ ആവശ്യപ്പെട്ടു. 

മഞ്ജുവും, ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തകനുമായ പദ്മനാഭൻ മണികുട്ടനും കൂടി ലക്ഷ്മിയുടെ  സ്‌പോൺസറുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. തുടർന്ന് അവർ  സൗദി പോലീസിനെ ബന്ധപ്പെട്ട് സൈബർ സെല്ലിന്റെ സഹായം തേടി. പൊലീസ് മൊബൈൽ ലൊക്കേഷൻ ട്രേസ് ചെയ്ത് ലക്ഷ്മിയുടെ സ്‌പോൺസറുടെ വീട് കണ്ടുപിടിച്ചു. തുടർന്ന് നവയുഗം ജീവകാരുണ്യപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ ലക്ഷ്മി ആ വീട്ടിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട് എന്ന് കണ്ടുപിടിച്ചു. തുടർന്ന് സൗദി പോലീസ് സ്‍പോൺസറെ  വിളിച്ചു, ലക്ഷ്മിയെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. 

തുടർന്ന് ലക്ഷ്മിയുമൊത്തു സ്‍പോൺസർ എത്തിയപ്പോൾ, മഞ്ജുവും മണിക്കുട്ടനും അവരോട് സംസാരിച്ചു. തനിയ്ക്ക് ഒന്നരവർഷമായി ശമ്പളമൊന്നും കിട്ടിയിട്ടില്ലെന്നും, സ്‍പോൺസർ എക്സിറ്റ് തരുന്നില്ല എന്നും, എങ്ങനെയും നാട്ടിലേയ്ക്ക് പോകാനാണ് ആഗ്രഹമെന്നും ലക്ഷ്മി അവരോടു പറഞ്ഞു. സ്പോൺസറോട് നവയുഗം ജീവകാരുണ്യപ്രവർത്തകർ തുടർച്ചയായി ചർച്ച നടത്തിയപ്പോൾ, ഒടുവിൽ  ലക്ഷ്മിയ്ക്ക് ആറു മാസത്തെ ശമ്പളമേ നല്കാനുള്ളൂ എന്നും, അതും എക്സിറ്റും വിമാനടിക്കറ്റും നൽകാൻ താൻ തയ്യാറാണ് എന്ന നിലപാടാണ് അയാൾ എടുത്തത്. മറ്റു തെളിവുകൾ കൈയ്യിൽ ഇല്ലാത്തതിനാൽ, പരസ്പര ധാരണയുടെ പുറത്തു, നാട്ടിലേയ്ക്ക് മടങ്ങാനായി  ലക്ഷ്മിയും  അതിനോട് യോജിച്ചു. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി.

Follow Us:
Download App:
  • android
  • ios