ഷാര്‍ജ: ദുബായ് അല്‍ ഫക്ക മരുഭൂമിയില്‍ നടന്ന ഡൂണ്‍ ബാഷിങ്ങില്‍ വിജയികളായി മലയാളി സംഘം. മലയാളി ടീമായ അറേബ്യന്‍ എക്സ്പ്ലൊറേഴ്സാണ് ഒന്നും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.  ദുബായിലെ കോമ്പസ് ക്ലബ്ബ് രണ്ടാം സ്ഥാനം നേടി. 

ഓഫ് റോഡേഴ്സ് ഗ്രൂപ്പ് നടത്തിയ ജിപിഎസ് ചലഞ്ച് ഇവന്‍റില്‍ യുഎഇയിലെ അറിയപ്പെടുന്ന എല്ലാ ഓഫ്റോഡ് ക്ലബ്ബുകളും പങ്കെടുത്തു. നാല് വണ്ടികള്‍ ഉള്‍പ്പെട്ട ചെറു സംഘങ്ങളായാണ് ഓരോ ക്ലബ്ബും മത്സരത്തിനിറങ്ങിയത്. ഇതുപതോളം ടീമുകളാണ് ചലഞ്ചില്‍ പങ്കെടുത്തത്. 

അബുദാബിയിലെയും ദുബായിലെയും മരുഭൂമിയില്‍ ഡൂണ്‍ ബാഷ് ചെയ്യുന്ന വാഹനപ്രേമികളുടെ സൗഹൃദ കൂട്ടായ്മയായ അറേബ്യന്‍ എക്സ്പ്ലൊറേഴ്സ് കുറഞ്ഞ കാലം കൊണ്ട് തന്നെ യുഎഇയിലെ വാഹനപ്രേമികള്‍ക്ക് സുപരിചിതമാണ്. സൗഹൃദത്തിന്‍റെയും കൂട്ടായ പ്രയത്നത്തിന്‍റെയും വിജയമാണിതെന്ന് ക്യാപ്റ്റന്‍മാരായ രഞ്ജു ജേക്കബും റിഷ്താഷ് ഹൈദറും പറഞ്ഞു.