മനാമ: സ്വന്തം നാട്ടുകാരിയായ യുവതിയുടെ ചതിയില്‍പ്പെട്ട് ബഹ്റൈനില്‍ പെണ്‍വാണിഭ സംഘത്തിന്‍റെ പിടിയിലകപ്പെട്ട മലയാളി യുവതിയെ രക്ഷപ്പെടുത്തി. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് യുവതിയെ രക്ഷിച്ചത്. പൊലീസിന്‍റെ റെയ്ഡില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്ന് മലയാളികളും പിടിയിലായി. 

നാട്ടുകാരിയും സുഹൃത്തുമായ യുവതി അയച്ചുകൊടുത്ത വിസിറ്റിങ് വിസയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം സ്വദേശിയായ യുവതി ബഹ്‍റൈനില്‍ എത്തിയത്. ലേഡീസ് മസാജ് സെന്‍ററില്‍ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് സുഹൃത്ത് യുവതിയെ ബഹ്‍റൈനിലേക്ക് വിളിച്ചത്. ബഹ്‍റൈനില്‍ വന്നിറങ്ങി മണിക്കൂറുകള്‍ക്കം പെണ്‍വാണിഭ സംഘത്തിലെ മലയാളികളായ കുറച്ചുപേര്‍ വന്ന് യുവതിയോട് സലൂണില്‍ പോയി ഒരുങ്ങി വരാനും ഉടന്‍ തന്നെ കസ്റ്റമേഴ്സ് വരുമെന്നും പറഞ്ഞു. ഇതില്‍ സംശയം തോന്നിയ യുവതി സലൂണിലെത്തിയപ്പോള്‍ അവിടെ ഇരുന്ന് കരഞ്ഞു. ഇതുകണ്ട സലൂണ്‍ ജീവനക്കാര്‍ യുവതിയോട് കാര്യം അന്വേഷിക്കുകയും മലയാളികളായ സാമൂഹിക പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പരുകള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ഐസിആര്‍എഫിലും ഇന്ത്യന്‍ എംബസിയിലും വിവരമറിയിച്ചു. 

ഇന്ത്യന്‍ എംബസി അധികൃതര്‍ അടിയന്തരമായി ഇടപെടുകയും ബഹ്‍റൈന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയുമായിരുന്നു. ബഹ്‍റൈന്‍ വിമാനത്താവളത്തില്‍ യുവതി എത്തിയപ്പോള്‍ തന്നെ സൗജന്യ സിം കാര്‍ഡ് ലഭിച്ചതിനാല്‍ ലൊക്കേഷനും മറ്റ് വിവരങ്ങളും യുവതിക്ക് തത്സമയം നല്‍കാന്‍ കഴിഞ്ഞതും സഹായകമായി. യുവതിയുടെ അടുത്തെത്തിയ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും യുവതിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 30-കാരിയായ യുവതി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പെണ്‍വാണിഭ സംഘത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പകരം ഒരാളെ നാട്ടില്‍ നിന്ന് യുവതിയുടെ നാട്ടുകാരി തന്ത്രപൂര്‍വ്വം എത്തിച്ചതാണെന്നും സൂചനയുണ്ട്.