റിയാദ്​: കാറിടിച്ച്​ പരിക്കേറ്റ്​ ദിവസങ്ങളായി ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. നബാൽ ഹദ എന്ന കുടിവെള്ള കമ്പനിയിൽ ജീവനക്കാരനായ മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ മഞ്ചക്കാട് സ്വദേശി കോപ്പിലാൻ മുജീബുറഹ്​മാനാണ്​ (37) മരിച്ചത്​. റോഡ്​ മുറിച്ചുകടക്കു​മ്പോള്‍ കാറിടിച്ച്​ തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ്​ റോഡിൽ കിടന്ന യുവാവിനെ പൊലീസാണ്​ ആശുപത്രിയിൽ എത്തിച്ചത്​. ജിദ്ദ സുലൈമാനിയ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്​. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടയിലാണ്​ ഇന്നലെ മരണം സംഭവിച്ചത്​. 15 വർഷമായി ജിദ്ദയിൽ പ്രവാസിയാണ്. പിതാവ്: കുഞ്ഞാലൻകുട്ടി, മാതാവ്: ഫാത്തിമ കുട്ടി. അവിവാഹിതനാണ്.