ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകളാണ് ഉള്ളത്. ആദ്യം ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക.

ക്വാലാലംപൂർ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് സർവീസ് പ്രഖ്യാപിച്ച് മലേഷ്യ എയർലൈൻസ്. നവംബർ ഒമ്പത് മുതലാണ് മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് ആരംഭിക്കുക. ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോ​ഗിക്കുക. 

ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകളാണ് ഉള്ളത്. ആദ്യം ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. ഇതാദ്യമായാണ് മലേഷ്യ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുന്നത്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അർദ്ധരാത്രി 12ന് തിരിച്ചുപോകും. 

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, നോർത്ത് അമേരിക്ക, ചൈന, ഹോങ്കോങ്, വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യവുമുണ്ട്. ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാസൗകര്യം വേണമെന്ന ആവശ്യം ഐടി കമ്പനികൾ ഉൾപ്പെടെ വളരെ കാലമായി ഉന്നയിക്കുന്നുണ്ടായിരുന്നു. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മലേഷ്യയിൽ ജോലി ചെയ്യുന്ന തെക്കൻ തമിഴ്നാട്ടുകാർക്കും സർവീസ് പ്രയോജനപ്പെടും. 

Read Also -  വിമാനത്തിൽ നിന്ന് തെന്നിവീണു; ഗുരുതര പരിക്കേറ്റ എയർ ഇന്ത്യ എഞ്ചിനീയർക്ക് ദാരുണാന്ത്യം, സംഭവം ജോലിക്കിടെ

അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് തുടങ്ങി

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എയുടെ പ്രവര്‍ത്തനത്തിന് തുടക്കമായി. ഇത്തിഹാദ് എയര്‍വേയ്‌സാണ് ടെര്‍മിനല്‍ എയില്‍ നിന്ന് ആദ്യ സര്‍വീസ് തുടങ്ങുന്നത്. അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ എയര്‍ബസ് എ350-1000 വിമാനം പറന്നുയര്‍ന്നു. 359 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ടെര്‍മിനലിലെ ആദ്യ യാത്രക്കാരെ സ്വീകരിക്കുന്നതിനായി ഇത്തിഹാദ് സിഇഒ അന്റോനോല്‍ദോ നെവസ്, മാനേജിങ് ഡയറക്ടറും താല്‍ക്കാലിക സിഇഒയുമായ ഇലീന സോര്‍ലിനി, ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ഫ്രാങ്ക് മക് ക്രോറീ എന്നിവര്‍ എത്തിയിരുന്നു. വിസ് എയര്‍ അബുദാബി, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, പിഐഎ, സ്മാര്‍ട്ട് വിങ്‌സ്, സിറിയന്‍ എയര്‍, ഏറോഫ്‌ലോട്ട്, പെഗാസസ് എയര്‍ലൈന്‍സ് എന്നിങ്ങനെ 15 എയര്‍ലൈനുകളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.

നവംബര്‍ 14 മുതല്‍ 10 വിമാനകമ്പനികള്‍ കൂടി ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് നടത്തും. നവംബര്‍ 15 മുതല്‍ എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ എയിലെത്തും. നവംബര്‍ 9 മുതല്‍ ഇത്തിഹാദിന്റെ 16 വിമാനങ്ങളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് നടത്തുക. ടെര്‍മിനല്‍ 1,2, എ എന്നീ ടെര്‍മിനലുകളില്‍ നിന്ന് സര്‍വീസ് തുടരുന്നതിനാല്‍ ഒമ്പത് മുതല്‍ ഇത്തിഹാദ് എയര്‍ലൈനില്‍ യാത്ര ചെയ്യുന്നവര്‍ ഏത് ടെര്‍മിനല്‍ വഴിയാണ് യാത്ര എന്നറിയാന്‍ പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...