നാല് ഭക്ഷണപ്പൊതികളില്‍ നിന്നായി നാല് ഫോണുകളും ചാര്‍ജറുകളുമാണ് പിടിച്ചെടുത്തത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭക്ഷണത്തിനൊപ്പം ജയിലിലേക്ക് സ്മാര്‍ട്ട് ഫോണ്‍ കടത്തിയയാളെ പിടികൂടി. ജയിലില്‍ ഭക്ഷണ വിതരണം നടത്തുന്നതിന് കരാറുള്ള റെസ്റ്റോറന്റിലെ ജീവനക്കാരനായ അറബ് വംശജന്‍ വില്‍പ്പനയ്ക്കായാണ് ജയിലിനുള്ളിലേക്ക് ഫോണ്‍ കടത്തിയത്. 

ഭക്ഷണം കൊണ്ടുവന്ന പാക്കറ്റ് സംശയത്തെ തുടര്‍ന്ന് തുറന്നു പരിശോധിച്ചപ്പോഴാണ് സ്മാര്‍ട്ട് ഫോണ്‍ കണ്ടെത്തിയത്. 2000 ദിനാര്‍ വരെ ഈടാക്കിയാണ് ഇയാള്‍ ഫോണ്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നാല് ഭക്ഷണപ്പൊതികളില്‍ നിന്നായി നാല് ഫോണുകളും ചാര്‍ജറുകളുമാണ് പിടിച്ചെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പിടിച്ചെടുത്ത ഫോണുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇതിന് മുമ്പും സമാനരീതിയില്‍ ഇയാള്‍ ഫോണ്‍ ജയിലിലേക്ക് കടത്തിയിട്ടുണ്ടോയെന്നും തടവുപുള്ളികള്‍ അനധികൃതമായി ഫോണ്‍ ഉപയോഗിക്കുന്നുണ്ടോയെന്നും കണ്ടെത്തുന്നതിനായി അധികൃതര്‍ അന്വേഷണം ആരംഭിച്ചു.