മയക്കുമരുന്ന് താന്‍ കൊണ്ടുവന്നിട്ടില്ലെന്നായിരുന്നു ഇയാള്‍ ചോദ്യം ചെയ്യലിനെ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞിരുന്നത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇതില്‍ നിന്നും നിലപാട് മാറ്റി. 

ദുബായ്: മയക്കുമരുന്നുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് പിടിയിലായ യുവാവിന്റെ വിചാരണ തുടങ്ങി. 312 ഗ്രാം ഹാഷിഷുമായി ഏതാനും മാസങ്ങള്‍ മുമ്പാണ് പാകിസ്ഥാനിയായ യുവാവ് ദുബായില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനകള്‍ക്കിടെയാണ് ബാഗില്‍ ഒളിപ്പിച്ച മയക്കുമരുന്ന് അധികൃതര്‍ പിടിച്ചെടുത്തത്. 

മയക്കുമരുന്ന് താന്‍ കൊണ്ടുവന്നിട്ടില്ലെന്നായിരുന്നു ഇയാള്‍ ചോദ്യം ചെയ്യലിനെ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞിരുന്നത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇതില്‍ നിന്നും നിലപാട് മാറ്റി. താന്‍ ഹാശിഷ് കൊണ്ടുവന്നുവെന്നും എന്നാല്‍ ഇത് ദുബായില്‍ നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നുമായിരുന്നു കോടതിയില്‍ വാദിച്ചത്. ഇയാളുടെ മൂത്ര സാമ്പിളുകള്‍ പരിശോധിച്ചപ്പോഴും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

തന്റെ രാജ്യത്ത് വേദനാസംഹാരിയായി ഹാശിഷ് സാധാരണപോലെ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ ആ ഉപയോഗത്തിനായാണ് യുഎഇയില്‍ വന്നപ്പോഴും ഇത് കൈയ്യില്‍ കരുതിയിരുന്നത്. യുഎഇയില്‍ ഹാശിഷിന് നിരോധനമുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ആദ്യമായി യുഎഇയില്‍ എത്തിയ ആളെന്ന നിലയില്‍ തന്നെ വെറുതെ വിടണമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് കേസ് സെപ്തംബര്‍ 11ലേക്ക് മാറ്റി വെച്ചു.