യുവാവ് തന്റെ വീട്ടിലെത്തി നായയെ കണ്ടെന്നും എന്നാല്‍ വില്‍പ്പനയ്ക്ക് മുമ്പ് തന്റെ മകള്‍ നായയെ വില്‍ക്കരുതെന്ന് അപേക്ഷിച്ചതായും ഉടമസ്ഥന്‍ പറഞ്ഞു. ഇതോടെ പ്രകോപിതനായ യുവാവ് ഉടമസ്ഥനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.

ദുബൈ: ദുബൈയില്‍ നായയെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടെ യുവാവ് ഉടമയുടെ കൈപ്പത്തി വെട്ടി. സംഭവത്തില്‍ 35കാരനായ ഗള്‍ഫ് പൗരനെ ഏഴ് വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. 

സംഭവത്തെ കുറിച്ച് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ച ഉടന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയതായാണ് പൊലീസ് റെക്കോര്‍ഡുകളില്‍ പറയുന്നത്. തന്റെ നായയെ വില്‍ക്കാനുണ്ടെന്ന് ഇരയായ യുവാവ് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. പ്രതിയായ യുവാവ് ഈ പരസ്യത്തോട് പ്രതികരിക്കുകയും നായയെ വാങ്ങാന്‍ താല്‍പ്പര്യം അറിയിക്കുകയും ചെയ്തു. വാങ്ങുന്നതിന് മുമ്പ് നായയെ കാണണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് യുവാവ് നായയുടെ ഉടമസ്ഥന്റെ വീട്ടിലെത്താമെന്ന് സമ്മതിച്ചു. യുവാവ് തന്റെ വീട്ടിലെത്തി നായയെ കണ്ടെന്നും എന്നാല്‍ വില്‍പ്പനയ്ക്ക് മുമ്പ് തന്റെ മകള്‍ നായയെ വില്‍ക്കരുതെന്ന് അപേക്ഷിച്ചതായും ഉടമസ്ഥന്‍ പറഞ്ഞു. ഇതോടെ പ്രകോപിതനായ യുവാവ് ഉടമസ്ഥനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. വാക്കേറ്റം കയ്യാങ്കളിയായി മാറിയപ്പോള്‍ ഉടമസ്ഥന്‍ ചെറിയ കത്തി കാണിച്ച് യുവാവിനോട് തന്റെ വീട്ടില്‍ നിന്ന് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തന്റെ വാഹനത്തിലേക്ക് മടങ്ങിയ യുവാവ് വലിയ കത്തിയുമായി തിരികെയെത്തി പരസ്യം അനുസരിച്ച് നായയെ വില്‍ക്കണമെന്ന് ഭീഷണിപ്പെടുത്തി.

പിന്നീടുണ്ടായ വഴക്കിനിടെ പ്രതിയായ യുവാവ് ഉടമസ്ഥന്റെ കൈപ്പത്തി കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വഴക്കിനിടെ ഉടമസ്ഥന്‍ കത്തി കൊണ്ട് ആക്രമിച്ചതോടെയാണ് ഇയാളെ തിരികെ ആക്രമിച്ചതെന്ന് പൊലീസിന്റെ പിടിയിലായ പ്രതി, ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ ഉടമസ്ഥന് അംഗവൈകല്യം ഉണ്ടാക്കിയെന്നത് പ്രതി നിഷേധിച്ചു. 

(പ്രതീകാത്മക ചിത്രം)