തിരിച്ചറിയല്‍ രേഖയിലെ പേരും വിലാസവും വിവരങ്ങളും പറഞ്ഞപ്പോള്‍, ഈ പറയുന്ന വ്യക്തി മൂന്ന് വര്‍ഷം മുന്‍പ് മരണപ്പെട്ടതാണെന്ന് ഫോണെടുത്തയാള്‍ അറിയിച്ചു. ഇതോടെ ആശങ്കയിലായ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു.
ദുബായ്: രണ്ട് ദിവസത്തേക്ക് മുറിയെടുക്കാനാണ് ആ 27കാരന്‍ ദുബായിലെ ഹോട്ടലിലെത്തിയത്. എമിറേറ്റ്സ് ഐ.ഡിയും പണവും നല്‍കിയപ്പോള്‍ അസ്വഭാവികതയൊന്നും ജീവനക്കാര്‍ക്ക് തോന്നിയില്ല. അവര്‍ ഹോട്ടലിലെ 406-ാം നമ്പര്‍ മുറി അദ്ദേഹത്തിന് നല്‍കി. ആദ്യദിവസം പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയി. രണ്ടാം ദിവസം താമസം കൂടുതല്‍ ദിവസത്തേക്ക് ദീര്‍ഘിപ്പിക്കുന്നോ എന്നറിയാല്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് മുറിയിലെ ഇന്റര്‍കോം ടെലിഫോണിലേക്ക് വിളിച്ചു. എന്നാല്‍ ആരും ഫോണെടുത്തില്ല.
ഇതോടെ ഹോട്ടലില്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ജീവനക്കാര്‍ വിളിച്ചുനോക്കി. മറ്റൊരാളാണ് ഫോണെടുത്തത്. തിരിച്ചറിയല്‍ രേഖയിലെ പേരും വിലാസവും വിവരങ്ങളും പറഞ്ഞപ്പോള്‍, ഈ പറയുന്ന വ്യക്തി മൂന്ന് വര്‍ഷം മുന്‍പ് മരണപ്പെട്ടതാണെന്ന് ഫോണെടുത്തയാള്‍ അറിയിച്ചു. ഇതോടെ ആശങ്കയിലായ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു.
പൊലീസ് ഹോട്ടലിലെത്തി ഇയാളെ മുറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ വ്യാജ തിരിച്ചറിയല്‍ രേഖയും വിവരങ്ങളുമാണ് ഹോട്ടലില്‍ നല്‍കിയതെന്ന് ഇയാള്‍ സമ്മതിച്ചത്. മരിച്ചയാളുടെ എമിറേറ്റ്സ് ഐ.ഡി അനധികൃതമായി ഉപയോഗിച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.
