ദുബായ്: ശമ്പളം ചോദിച്ച ഇന്ത്യക്കാരനെ ക്രൂരമായി മര്‍ദിക്കുകയും നഗ്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്ത രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. മര്‍ദനത്തിന് പുറമെ മോഷണം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്‍തംബര്‍ 24നായിരുന്നു കേസിന് ആസ്‍പദമായ സംഭവം.

21ഉം 27ഉം വയസുള്ള രണ്ട് ഇന്ത്യന്‍ പൗരന്മാരാണ് പ്രതികള്‍. മറ്റ് ചിലര്‍ക്കൊപ്പം ഇവര്‍ 24 വയസുകാരനായ ഇന്ത്യക്കാരനെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് കേസ്. മര്‍ദനമേറ്റ യുവാവ് പൊലീസില്‍ പരാതി നല്‍കുന്നത് തടയാന്‍ ഇയാളുടെ മൊബൈല്‍ ഫോണും പാസ്‍പോര്‍ട്ടും പിടിച്ചുവെയ്ക്കുകയും ചെയ്തു. അല്‍ റഫാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മര്‍ദനമേറ്റ യുവാവ് കഴിഞ്ഞ വര്‍ഷം മേയിലാണ് സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയത്. ഒരു ഇന്ത്യക്കാരനാണ് കണ്‍ട്രക്ഷന്‍ സൈറ്റില്‍ ജോലി ശരിയാക്കി നല്‍കിയത്. മാസം 1500 ദിര്‍ഹമായിരുന്നു ശമ്പളം നിശ്ചയിച്ചിരുന്നത്. എന്നാല്‍ 100 ദിര്‍ഹവും 50 ദിര്‍ഹവുമാണ് നല്‍കിയതെന്ന് ഇയാള്‍ പ്രോസിക്യൂഷനോട് പറഞ്ഞു. ശമ്പളം ചോദിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. പണം നല്‍കിയില്ലെങ്കില്‍ താന്‍ പൊലീസിനെ വിളിക്കുമെന്ന് ഇയാള്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ നവംബര്‍ 19ന് അല്‍ റഫയിലെ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വെച്ച് പ്രതികളും മറ്റുള്ളവരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. 27കാരനായ പ്രതി ഇരുമ്പ് വടികൊണ്ട് തല്ലി. നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു. പൊലീസില്‍ പരാതിപ്പെടുകയാണെങ്കില്‍ സോഷ്യല്‍ മീഡിയ വഴി വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദനവിവരം യുവാവ് അല്‍ റഫ സ്റ്റേഷനില്‍ അറിയിച്ചതിന് പിന്നാലെ ദിവസങ്ങള്‍ക്കകം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഫെബ്രുവരി 23ന് കോടതി വിധിപറയും.