ഷാര്‍ജ: തന്‍റെ അടുത്ത സുഹൃത്തുമായി വിവാഹേതര ബന്ധം പുലർത്തിയ ഭാര്യയിൽ നിന്ന് വിവാഹ മോചനം നേടി യുവാവ്. ഷാര്‍ജയിലാണ് 30കാരന്‍ ഭാര്യ വഞ്ചിച്ചെന്ന പരാതിയില്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ചത്. 

അറബ് ദമ്പതികളിലെ ഭര്‍ത്താവാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്. കുറച്ച് നാളുകളായി ഭാര്യ തന്റെയും രണ്ട് മക്കളുടെയും കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും വ്യത്യസ്തമായ രീതിയില്‍ പെരുമാറുകയാണെന്നും ഭര്‍ത്താവ് പറയുന്നു. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവാവ് ഭാര്യയുടെ കാറിന്റെ സീറ്റിനടിയില്‍ അവരറിയാതെ സ്‌പൈയിങ് ചിപ് ഒളിപ്പിച്ചു. തുടര്‍ന്ന് ഭാര്യയെയും തന്റെ സുഹൃത്തിനെയും കാറിനുള്ളില്‍ കണ്ടെത്തിയ യുവാവ് ഇരുവരെയും മര്‍ദ്ദിച്ച ശേഷം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് യുവതി പോകുന്നത് ഇയാളുടെ അടുത്തേക്കാണെന്നും ഇതേപ്പറ്റി ചോദിച്ചപ്പോള്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് യുവതി സമ്മതിച്ചതായും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയങ്ങളില്‍ സുഹൃത്തിനെ യുവതി വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. തന്റെ പക്കല്‍ നിന്നും പണം വാങ്ങി സുഹൃത്തിന് നല്‍കാറുണ്ടായിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന് വേണ്ടിയാണ് താന്‍ ജീവിച്ചതെന്നും എന്നാല്‍ ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയവും അയാളെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യവും ഉണ്ടെന്ന വിവരം തന്നെ ഞെട്ടിച്ചെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

വിവാഹബന്ധം വേര്‍പെടുത്തണമെന്ന ഭര്‍ത്താവിന്റെ ആവശ്യം ഷാര്‍ജ മിസ്ഡിമീനേഴ്‌സ് കോടതി അംഗീകരിച്ചു. യുവതിയും കാമുകനും 3,000 ദിര്‍ഹം പിഴ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഷാര്‍ജ ശരിയ കോടതി വിധി പറയുമെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു