ഷാര്‍ജ: നിര്‍മാണത്തിലിരുന്ന വില്ലയുടെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. അല്‍ സുയൂഹില്‍ ഡിസംബര്‍ 12നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ 28കാരനായ ബംഗ്ലാദേശ് പൗരന്‍ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

വീഴ്‍ചയുടെ ആഘാതത്തില്‍ തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. തലയോട്ടിയില്‍ പൊട്ടലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളുമേറ്റിരുന്നു. നിര്‍മാണത്തിലിരുന്ന വില്ലയില്‍ എ.സി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പണികള്‍ നടക്കുന്നതിനിടെയായിരുന്നു അപകടമെന്ന് കമ്പനി ഉടമ പറഞ്ഞു. യുവാവ് സന്ദര്‍ക വിസയിലായിരുന്നു. അപകടം നടന്ന സ്ഥലത്ത് ക്രിമിനല്‍ ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പില്‍ നിന്നുള്ള സംഘം പരിശോധന നടത്തി. ജോലി സ്ഥലങ്ങളില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിക്കണമെന്ന് ഷാര്‍ജ പൊലീസ്, കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.