നദുല്‍ ഹമറിലെ മണല്‍ നിറഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് ദുബായ് പൊലീസ് ഓപ്പറേഷന്‍ റൂമില്‍ വിവരം അറിയിച്ചത്. 

ദുബായ്: 19 വയസുകാരനായ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 

നദുല്‍ ഹമറിലെ മണല്‍ നിറഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് ദുബായ് പൊലീസ് ഓപ്പറേഷന്‍ റൂമില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരണപ്പെട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ഞായറാഴ്ച വൈകുന്നരം വീട്ടില്‍ നിന്ന് പോയതാണെന്നും പിന്നീട് തിരിച്ചുവന്നിട്ടില്ലെന്നുമാണ് വീട്ടുകാര്‍ മൊഴി നല്‍കിയത്. 

തുടരന്വേഷണത്തില്‍ മരണപ്പെട്ടയാളുടെ ഒരു ബന്ധു ഉള്‍പ്പെടെ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. മൂവരും ചേര്‍ന്ന് ഒരു പാര്‍ട്ടിക്കായി പുറത്തുപോയതാണെന്നും ഇതിനിടെയുണ്ടായ ചില തര്‍ക്കങ്ങളുടെ പേരില്‍ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊലപ്പെടുത്തിയെന്നുമാണ് പൊലീസിനോട് പ്രതികള്‍ പറഞ്ഞത്. മൃതദേഹവുമായി കാറില്‍ ഏറെദൂരം യാത്ര ചെയ്തശേഷം ഉപേക്ഷിക്കുകയായിരുന്നു. കാര്‍ കത്തിക്കാനും ഇവര്‍ ശ്രമം നടത്തി.