തന്റെ താമസ സ്ഥലത്ത് ഉടന്‍ എത്തണമെന്നായിരുന്നു ആവശ്യം. തന്നെ വീണ്ടും പീഡിപ്പിക്കാനാണ് വിളിക്കുന്നതെന്ന് മനസിലാക്കിയ യുവാവ് അല്‍ ഖൗസിലെ ഒരു കടയില്‍ കയറി കത്തി വാങ്ങിയ ശേഷം അതുമായി സുഹൃത്തിന്റെ ഫ്ലാറ്റിലെ പാര്‍ക്കിങ് ഏരിയയിലെത്തി.

ദുബായ്: ഒരു വര്‍ഷത്തോളം നീണ്ട ലൈംഗിക പീഡനം സഹിക്കാനാവാതെ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്ന യുവാവിന് ദുബായില്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞായിരുന്നു 22 വയസുകാരനെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചത്. ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.

പാകിസ്ഥാനി പൗരനായ 22 കാരനെ സംഭവ ദിവസം രാത്രി 11 മണിയോടെയാണ് കൊല്ലപ്പെട്ട സഹപ്രവര്‍ത്തകന്‍ ഫോണില്‍ വിളിച്ചത്. ഇയാളും പാകിസ്ഥാന്‍ പൗരനായിരുന്നു. തന്റെ താമസ സ്ഥലത്ത് ഉടന്‍ എത്തണമെന്നായിരുന്നു ആവശ്യം. തന്നെ വീണ്ടും പീഡിപ്പിക്കാനാണ് വിളിക്കുന്നതെന്ന് മനസിലാക്കിയ യുവാവ് അല്‍ ഖൗസിലെ ഒരു കടയില്‍ കയറി കത്തി വാങ്ങിയ ശേഷം അതുമായി സുഹൃത്തിന്റെ ഫ്ലാറ്റിലെ പാര്‍ക്കിങ് ഏരിയയിലെത്തി.

പാര്‍ക്കിങ് ഏരിയയില്‍ കാത്തുനില്‍ക്കുകയായിരുന്ന സുഹൃത്ത് യുവാവിനെ ആലിംഗനം ചെയ്തശേഷം ഫ്ലാറ്റിലേക്ക് പോകാന്‍ ക്ഷണിച്ചു. തനിക്ക് താല്‍പ്പര്യമില്ലെന്ന് അറിയിച്ചതോടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതോടെ കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് വയറ്റിലും നെഞ്ചിലുമായി നാല് തവണ കുത്തുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവെച്ച ശേഷം പൊലീസിനെ വിളിച്ചത്. പൊലീസ് വാഹനം കണ്ടതോടെ ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഉദ്ദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. 

മരണവെപ്രാളത്തില്‍ പിടിയുന്നതിനിടെ സുഹൃത്ത് പ്രതിയോട് മാപ്പ് ചോദിച്ചുകരഞ്ഞുവെന്നും പൊലീസുകാര്‍ പറഞ്ഞു. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ മരിക്കുകയായിരുന്നു. കേസ് നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. വിചാരണയ്ക്കൊടുവില്‍ ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിയും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപ്പീല്‍ കോടതിയെ സമീപിച്ചു. എന്നാല്‍ അപ്പീല്‍ കോടതി ഏഴ് വര്‍ഷത്തെ ശിക്ഷ തന്നെ വിധിക്കുകയായിരുന്നു. കൊലപാതകം നടത്തിയെന്ന് സമ്മതിച്ച ഇയാള്‍ സ്വയരക്ഷ മുന്‍നിര്‍ത്തിയാണ് കൃത്യം നടത്തിയതെന്ന് കോടതിയില്‍ വാദിച്ചു.